ദില്ലി: ഓടിക്കൊണ്ടിരുന്ന ബസ്സില്‍ വച്ച് കൂട്ട ബലാത്സംഗത്തിനിരയായി വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിന് ആറ് ആണ്ടുകള്‍ പൂര്‍ത്തിയായി, ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ദില്ലിയില്‍ വീണ്ടും സമാനമായ രീതിയില്‍ കൂട്ട ബലാത്സംഗം. ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ വച്ച് യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത ശേഷം നടുറോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. 

ദില്ലി സ്വദേശിനിയാണ് ഗുരുഗ്രാമിൽ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായത്.  ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഗുരുഗ്രാമിലെത്തിയ യുവതി ഉച്ച തിരിഞ്ഞ് 2.30ഓടുകൂടി നഖ്റോലി ചൗക്കിൽ നിന്ന് മനേസറിലേക്ക് പോകാനായി ഒരു ഓട്ടോ പിടിച്ചു. എന്നാൽ  മനേസറിലെത്തിക്കാതെ യുവതിയെ ഇയാൾ മറ്റൊരിടത്തെത്തിക്കുകയായിരുന്നു. അവിടെ വച്ച് മറ്റ് മൂന്ന് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. 

തുടര്‍ന്ന് രാത്രിയിൽ യുവതിയെ രണ്ട് ഓട്ടോ ഡ്രൈവര്‍മാരെ വിളിച്ചുവരുത്തി, അവരെ ഏല്‍പിച്ചു. ഇവരും മറ്റ് രണ്ടുപേരും ചേര്‍ന്നാണ് ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ വച്ച് യുവതിയെ വീണ്ടും ബലാത്സംഗം ചെയ്തത്. ശേഷം അവശനിലയിലായ ഇവരെ നടുറോഡില്‍ ഉപേക്ഷിച്ച് പോവുകയായിരുന്നു. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് രണ്ട് പേർക്കായുള്ള തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. 

2012 ഡിസംബര്‍ 16നാണ് 'നിര്‍ഭയ' ബലാത്സംഗം നടന്നത്. സുഹൃത്തിനൊപ്പം പുറത്തിറങ്ങിയ വിദ്യാര്‍ത്ഥിനിയെ ബസ്സിനകത്ത് വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി വൈകാത മരണത്തിന് കീഴടങ്ങി. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ നിയമം രൂപീകരിക്കാന്‍ വരെ നിര്‍ഭയ സംഭവം കാരണമായെങ്കിലും, ദില്ലിയില്‍ തന്നെ തുടര്‍ന്നും സമാനമായ രീതിയില്‍ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.