ഫ്ലോറിഡ: അയല്‍ക്കാരന്റെ വീട്ടിലെത്തിയ കൊറിയര്‍ മോഷ്ടിച്ച യുവതിക്ക് കിട്ടിയത് സംഭവിച്ചത് സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്നു. മകന്‍ വളര്‍ത്തുന്ന ഓന്തിന്റെ ഭക്ഷണാവശ്യത്തിനായി കൊണ്ടുവന്ന ചില പ്രത്യേകയിനം വണ്ടുകളുടെ ലാര്‍വ്വയാണ്  യുവതി അയല്‍ക്കാരന്റെ വീട്ടുപടിക്കല്‍ നിന്ന് മോഷ്ടിച്ചത്. ഫ്ലോറിഡയിലെ അപ്പോപ്ക എന്ന സ്ഥലത്താണ് സംഭവം. വീടിന്റെ കതകില്‍ ഉണ്ടായിരുന്ന സിസിടിവി ശ്രദ്ധിക്കാതെയായിരുന്നു യുവതിയുടെ മോഷണം.

ഷെല്ലി ഡ്രേവ് എന്നയാളുടെ വീട്ടിലെത്തിയ കൊറിയര്‍ ആണ് മോഷണം പോയത്. സമയമായിട്ടും പാര്‍സല്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ കൊറിയര്‍ കമ്പനിയുമായി ബന്ധപ്പെട്ടത്. എന്നാല്‍ പാര്‍സല്‍ വീട്ടിലെത്തിച്ചിട്ട് ഏറെ മണിക്കൂറുകള്‍ ആയെന്ന കൊറിയര്‍ കമ്പനിക്കാരുടെ മറുപടിയെ തുടര്‍ന്നാണ് വാതില്‍ക്കലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്. യുവതി പരിസരം നീരീക്ഷിച്ച ശേഷം വീട്ടുപടിക്കല്‍ എത്തുന്നതും പാര്‍സല്‍ എടുത്തുകൊണ്ട് പോവുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്

വീടിന് പരിസരത്ത് നടന്ന വിശദമായ പരിശോധനയില്‍ ഏതാനും വീടുകള്‍ക്ക് അകലെ പാര്‍സല്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പിന്നീട് കണ്ടെത്തി. എന്നാല്‍ ഇതില്‍ നിന്ന് പകുതിയില്‍ എറെയും ലാര്‍വ്വകള്‍ നഷ്ടമായെന്നാണ് ഷെല്ലി വിശദമാക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്ത് ഷെല്ലി സമൂഹമാധ്യമങ്ങളില്‍ വിവരം പങ്കുവച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.