തലശ്ശേരി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍, അക്രമിക്കപ്പെട്ട നടിക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്‌ വനിതാ കൂട്ടായ്‌മ. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ മാത്രം പിന്തുണച്ച്‌ താരങ്ങള്‍ ജയിലില്‍ എത്തിയിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ സിനിമാ മേഖലയിലെ വനിതകളുടെ കൂട്ടായ്‌മയായ വിമണ്‍ ഇന്‍ കളക്ടീവ്‌ പ്രവര്‍ത്തകര്‍ തലശ്ശേരിയിലെ പുരസ്‌കാര വേദിയില്‍ നടിക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്‌.

ദിലീപിന്‌ ലഭിക്കുന്ന പിന്തുണ ആക്രമിക്കപ്പെട്ട നടിക്ക്‌ ലഭിക്കുന്നില്ലെന്ന ആക്ഷേപമുയര്‍ന്ന സാഹചര്യത്താണ്‌ വനിതാ കൂട്ടായ്‌മ രംഗത്ത്‌ വന്നത്‌. ചടങ്ങില്‍ നൃത്തം അവതരിപ്പിച്ച നടി റിമ കല്ലിങ്കല്‍ 'അവള്‍ക്കൊപ്പം' എന്നു എഴുതിയ ബാനറുമായി വേദിയിലെത്തിയപ്പോള്‍ സദസ്സ്‌ ഹര്‍ഷാരവത്തോടെ സ്വീകരിക്കുകായിരുന്നു. വനിതാ കൂട്ടായ്‌മയിലെ സജീവ പ്രവര്‍ത്തകയാണ്‌ റിമ കല്ലിങ്കല്‍.

ഇതു കൂടാതെ പുരസ്‌കാര വേദിയില്‍ ഒപ്പു ശേഖരണവും നടത്തിയിരുന്നു. പുരസ്‌കാര വേദിയുടെ കവാടത്തിന്‌ സമീപം കാന്‍വാസ്‌ സ്ഥാപിച്ചാണ്‌ ക്യാമ്പയിന്‍ നടത്തിയത്‌. ഒപ്പു ശേഖരണം നിലമ്പൂര്‍ ആയിഷ ഉദ്‌ഘാടനം ചെയതു.സജിതാ മഠത്തില്‍,സംവിധായിക വിധു വിന്‍സെന്റ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ദിലീപിനെ മാത്രം പിന്തുണയ്‌ക്കു സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ സംവിധായകന്‍ ആശിഖ്‌ അബു, തിരക്കഥാകൃത്ത്‌ ദീദി ദാമോദരന്‍ തുടങ്ങിയവര്‍ രംഗത്ത്‌ എത്തിയിരുന്നു.