കുവൈറ്റ്: സൈനിക സേവനത്തിന് വനിതകളെ നിയമിക്കുമെന്ന വെളിപ്പെടുത്തലില്‍, പാര്‍ലമെന്റ് അംഗങ്ങക്കിടയില്‍ ഭിന്നത. പുതുതായി ചുമതലയേറ്റ പ്രതിരോധ മന്ത്രിയാണ് കഴിഞ്ഞ ദിവസം സ്വദേശി സ്ത്രീകളെ സൈനിക സേവനത്തിന് നിയോഗിക്കാന്‍ നീക്കമുള്ളതായി വ്യക്തമാക്കിയത്. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ വകുപ്പ് മന്ത്രിയുമായ ഷേഖ് നാസെര്‍ അല്‍ സാബായ്ക്ക് നല്‍കിയ സ്വീകരണ ചടങ്ങിലാണ് സ്വദേശി സ്ത്രീകളെ സൈനിക സേവനത്തിന് നിയോഗിക്കുന്നതിനെക്കകുറിച്ച് പ്രതികരിച്ചത്. മന്ത്രാലയത്തില്‍ നടപ്പാക്കാന്‍ ഉദ്ദ്യേശിക്കുന്ന പരിഷ്‌ക്കരണങ്ങളുടെ ഭാഗമായിട്ടായണ് നീക്കം. 

ഇതിനെക്കുറിച്ച് സമ്മിശ്ര പ്രതികരണമാണ് പാര്‍ലമെന്റ് അംഗങ്ങള്‍ക്കിടെയില്‍ നിന്ന് ഉയര്‍ന്നിരിക്കുന്നത്. തീരുമാനം മാറ്റിവയ്ക്കണമെന്ന് ദേശീയ അസംബ്ലി ഡെപ്യൂട്ടി സ്പീക്കര്‍ ഈസാ അല്‍ ഖണ്ഡാരി എംപി ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ് സേനയില്‍ സ്ത്രീകള്‍ സ്വയം ചേരുന്നതുപോലെയല്ല സൈന്യത്തില്‍ ചേരുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇസ്ലാമിക നിയമങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ ആചാരങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും എതിരാണെന്നും മൊഹമ്മദ് ഹായെഫ് എംപി പറഞ്ഞു. എന്നാല്‍ പുതിയ പ്രതിരോധ മന്ത്രിയുടെ നയം ഉചിതവും നല്ലതുമാണെന്ന് പാര്‍ലമെന്റിലെ ഏക വനിതാ അംഗം സാഫാ അല്‍ ഹാഷെം അഭിപ്രായപ്പെട്ടു. ദേശീയ അസംബ്ലിയിലും മറ്റ് പ്രത്യേക സേനകളിലും സ്ത്രീകളുടെ സേവനം മികവുറ്റതാണെന്നും ഈ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരമൊരു തീരുമാനം ഉചിതമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.എം.പി ഫലീല്‍ അല്‍ സാലീഹ് തീരുമാനത്തെ അനുകൂലിച്ചിട്ടുണ്ട്.