മൃതദ്ദേഹം കണ്ടെത്താനുള്ള ശ്രമത്തില്‍ പൊലീസ്

മുംബൈ: ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് മുന്നറിയിപ്പ് നല്‍കിയ സലൂണിലെ വനിതാ മാനേജരെ ജീവനക്കാര്‍ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ചു. മുംബൈ അന്ധേരിയിലെ സലൂണ്‍ മാനേജരായ കൃതി വ്യാസിനെ കൊലപ്പെടുത്തിയ കേസില്‍ ഷിദ്ദേഷ്, കുശി എന്നിവരെ പൊലിസ് പിടികൂടി. മൃതദേഹം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

മാര്‍ച്ച് പതിനാറിനാണ് സലൂണ്‍ മാനേജരായ കൃതി വ്യാസിനെ കാണാതാകുന്നത്. ബന്ധുക്കള്‍ക്കൊപ്പം പ്രതികളും പൊലീസിന് പരാതി നല്‍കിയിരുന്നു. ഒന്നര മാസത്തിന് ശേഷമാണ് കൊലപാതകത്തിന്‍റെ ചുരളഴിഞ്ഞത്. കുശിയുടെ കാറിനുള്ളില്‍ കണ്ടെത്തിയ രക്തക്കറയാണ് അന്വേഷണ സംഘത്തിന് തുമ്പായത് . പ്രതികള്‍ വാഹനം കഴുകി വൃത്തിയാക്കിയെങ്കിലും ഫോറന്‍സിക്കിന്‍റെ വിശദ പരിശോധനയില്‍ രക്തക്കറ കണ്ടെത്തുകയായിരുന്നു.

ഇത് ക്യതിയുടെത് തന്നെന്ന് ഡി.എന്‍.എ പരിശോധനയില്‍ വെളിവായി. പ്രതികളുടെ മൊഴിയിലെ വൈരുദ്ധ്യം ഇവരുടെ പങ്കിനെക്കുറിച്ചുള്ള പൊലീസിന്‍റെ സംശയം വര്‍ധിപ്പിച്ചു. ജോലിയിലെ നിലവാരം മെച്ചപ്പെടുത്തിയില്ലെങ്കില്‍ പിരിച്ചുവിടുമെന്ന് കാട്ടി ഷിദ്ദേഷിന് കൃതി നോട്ടീസ് നല്‍കിയിരുന്നു. സലൂണിലെ പരിശീലകയാണ് കുശി. കുശി വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. ഷിദേഷ് അവിവാഹിതനാണ്.