പൊലീസ് പരിശോധന വെട്ടിക്കാന്‍ തെറ്റായ ദിശയില്‍ വാഹനം ഓടിച്ചു, തെറ്റ് ചൂണ്ടിക്കാണിച്ച പൊലീസുകാരനെ കയ്യേറ്റം ചെയ്ത് യുവതി

ഹൈദരാബാദ്: ഹെല്‍മറ്റ് വയ്ക്കാത്തത് ചോദ്യം ചെയ്ത പൊലീസുകാരനെ കയ്യേറ്റം ചെയ്ത് യുവതി. ഹൈദരാബാദിലെ മൂസാറാം ബാഗിലാണ് സംഭവം. സ്കൂട്ടറില്‍ ഭര്‍ത്താവിനൊപ്പം സഞ്ചരിക്കുകയായിരുന്നു വനിത. ഹെല്‍മറ്റ് പരിശോധന ഒഴിവാക്കാന്‍ തെറ്റായ ദിശയില്‍ വാഹനം എടുത്തത് ഹോം ഗാര്‍ഡ് ചൂണ്ടിക്കാണിച്ചതോടെയാണ് പ്രശ്നം തുടങ്ങിയത്. 

സ്കൂട്ടര്‍ തെറ്റായ ദിശയില്‍ പോകുന്നുവെന്ന് ചൂണ്ടിക്കാണിച്ചതാണ് യുവതിയെ പ്രകോപിപ്പിച്ചത്. ഫൈന്‍ ചുമത്തുമെന്ന് പറഞ്ഞതോടെ പിന്‍ സീറ്റിലിരുന്ന യുവതി താഴെയിറങ്ങിപൊട്ടിത്തെറിക്കുകയായിരുന്നു. സയിദ സറീന എന്ന യുവതിയാണ് പൊലീസിനോട് പൊട്ടിത്തെറിച്ചതും വണ്ടി സൈഡില്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ പൊലീസുകാരന് നേരെ വണ്ടി ഓടിക്കാനും ഇവര്‍ ശ്രമിച്ചു.

സ്കൂട്ടറിന്റെ താക്കോല്‍ പൊലീസ് വാങ്ങിയതോടെ അസഭ്യവര്‍ഷവും തുടങ്ങി. പ്രശ്ന കണ്ട് ആളുകള്‍ ചുറ്റും കൂടുകയും യുവതിയെ ശാന്തയാക്കാനും ശ്രമിച്ചതോടെ സറീന വീണ്ടും പ്രകോപിതയായി. പൊലീസുകാരനെ തള്ളി മാറ്റിയ ഇവര്‍ വാഹനം മുന്നോട്ട് എടുത്ത് പൊകാന്‍ ശ്രമിച്ചു. ഏറെ നേരത്തെ കലഹത്തിന് ശേഷം പൊലീസുകാരനോട് മാപ്പ് പറഞ്ഞ് യുവതി തടിയൂരി. സമീപത്ത് നിന്ന ചെറുപ്പക്കാര്‍ മൊബൈലില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഭവം പുറത്ത് അറിയുന്നത്.