ഭര്‍ത്താവും സഹോദരന്മാരും ചേര്‍ന്നാണ് രണ്ടു പെണ്‍കുട്ടികളുടെ അമ്മയായ വനിതയെ കൊന്ന് കുഴിച്ച് മൂടിയത് 

ദില്ലി: അവിഹിത ബന്ധത്തിന് എതിര് നിന്ന ഭാര്യയെ ഭര്‍ത്താവ് കൊന്നു കഷ്ണങ്ങളാക്കി കുഴിച്ച് മൂടി. കഴിഞ്ഞ ദിവസം ദില്ലിയിലെ സരിതാ വിഹാറില്‍ അ‍ജ്ഞാത മൃതദേഹം കണ്ടെത്തിയിരുന്നു. അഴുകിയ നിലയില്‍ കഷ്ണങ്ങളായി മുറിച്ച നിലയില്‍ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. 

മൃതദേഹം ആരുടേതാണെന്നുള്ള പൊലീസ് അന്വേഷണത്തില്‍ പുറത്ത് വന്നത് ക്രൂര കൊലപാതകത്തിന്റെ വിവരങ്ങള്‍. അന്വേഷണത്തില്‍ പൊലീസുകാര്‍ക്ക് നിര്‍ണായകമായത് മൃതദേഹം കണ്ടെത്തിയ പെട്ടിയിലുണ്ടായിരുന്ന വിലാസം. യുഎഇയില്‍ നിന്ന് ഷിപ്പില്‍ എത്തിയ ബോക്സിലെ അഡ്രസിലുള്ള അക്തര്‍ എന്നയാളെ ചോദ്യം ചെയ്തതോടെയാണ് പൊലീസ് കൊലയാളിയിലേക്കും കൊല്ലപ്പെട്ടയാളുടേയും വിവരങ്ങളിലേക്ക് എത്തുന്നത്. 

സാജിദ് വാടകയ്ക്ക് നല്‍കിയ വീട്ടില്‍ മറന്ന് വച്ചതായിരുന്നു കാര്‍ഗോ ബോക്സ്. ഇവിടെ താമസിച്ചിരുന്ന സാജിദ് എന്നയാളെയാണ് പൊലീസ് പിടിയിലായത്. രണ്ടു പെണ്‍കുട്ടികളുടെ അമ്മയായ ഭാര്യ ജൂഹിയെ താന്‍ കൊലപ്പെടുത്തിയെന്ന് പൊലീസ് ചോദ്യം ചെയ്യലില്‍ സാജിദ് വെളിപ്പെടുത്തി.

ബീഹാര്‍ സ്വദേശിയാ ഇയാള്‍ക്ക് മറ്റൊരു സ്ത്രീയുമായി ഉണ്ടായിരുന്ന ബന്ധം ചോദ്യം ചെയ്തതാണ് ഭാര്യയെ കൊലപ്പെടുത്താന്‍ കാരണമായതെന്ന് ഇയാള്‍ പൊലീസ് മൊഴി നല്‍കി. സഹോദരന്മാരുടെ സഹായത്തോടെയാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്. ദില്ലിയിലെ സ്വകാര്യ സ്ഥാപനത്തില്‍ എന്‍ജിനിയറായ ഇയാള്‍ ഏറെ നാളത്തെ ആസൂത്രണത്തിന് ശേഷമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് വിശദമാക്കി.