മുമ്പ് വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ കാലത്താണ് ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. എന്നാല്‍ ഇതിന് ശേഷം ശബരിമലയില്‍ ആചാര പ്രകാരം കാര്യങ്ങള്‍ നടക്കണമെന്ന അര്‍ത്ഥത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പരിഗണിക്കേണ്ടതില്ലെന്നായിരുന്നു സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ അറിയിച്ചു. 

സര്‍ക്കാറിന് അടിക്കടി ഇങ്ങനെ നിലപാട് മാറ്റാന്‍ കഴിയില്ലെന്ന് ദേവസ്വം ബോര്‍ഡ് വാദിച്ചെങ്കിലും ഇത് അന്തിമ വാദം കേള്‍ക്കവെ പരിഗണിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു. ഒരു പൊതു സ്ഥലമായ ക്ഷേത്രത്തില്‍ നിന്ന് ഏതെങ്കിലും ശാരീരിക അവസ്ഥയുടെ പേരില്‍ സ്ത്രീകളെ മാറ്റി നിര്‍ത്താനാവില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. കേസ് ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് ദേവസ്വം ബോര്‍ഡ് വാദിച്ചെങ്കിലും കേസിന്റെ അന്തിമ വാദം നടക്കുമ്പോള്‍ ഭരണഘടനാപരമായ എന്തെങ്കിലും വിഷയങ്ങള്‍ ഉണ്ടായാല്‍ അപ്പോള്‍ ബോര്‍ഡിന്റെ ആവശ്യം പരിഗണിക്കാമെന്നായിരുന്നു കോടതി നിലപാടെടുത്തത്. കേസ് 2017 ഫെബ്രുവരിയിലേക്ക് മാറ്റി.