നാഗ്പൂര്‍: സംഘപരിവാറിനെ വെല്ലുവിളിച്ച് നാഗ്പൂരില്‍ സ്ത്രീകളുടെ സമ്മേളനം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന സ്ത്രീകളാണ് ആര്‍എസ്എസ് ആസ്ഥാനത്തിന് മുന്നില്‍ മുദ്രാവാക്യം വിളികളുമായി ഒത്തുകൂടിയത്. രോഹിത് വെമുലയുടെ അമ്മ രാധിക വെമുല അടക്കമുള്ള അയ്യായരത്തോളം വനിതകള്‍ ഹിന്ദുത്വവാദത്തിനും മനുവാദത്തിനുമെതിരെ മുദ്രാവാക്യം വിളിച്ചു.
മഹാരാഷ്ട്ര, രാജസ്ഥാന്‍, ദില്ലി, ഉത്തര്‍ പ്രദേശ്, ഗുജറാത്ത്, ആന്ധ്രപ്രദേശ്, തെലങ്കാന, ചത്തീസ്ഖണ്ഡ്, കര്‍ണാടക, കേരളം, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നാണ് സ്ത്രീകള്‍ നാഗ്പൂരിലെ പ്രതിഷേധ പ്രകടനത്തിനെത്തിയത്. ചലോ നാഗ്പൂര്‍ എന്ന ക്യാംപയിന്റെ ഭാഗമായാണ് പ്രതിഷേധം നടന്നത്.

രാജഭരണരീതിയോട് കിടപിടിക്കുന്ന തരത്തിലാണ് ഇവിടത്തെ ഭരണം. കോര്‍പ്പറേറ്റുകളും മതതീവ്രവാദികളും തമ്മിലുള്ള ബന്ധം തുറന്നുകാട്ടുകയാണ് ആര്‍എസ്എസ് ആസ്ഥാനത്തിന് മുന്നില്‍ സ്ത്രീകളുടെ പ്രതിഷേധത്തിലൂടെയെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക ഷബ്‌നം ഹാഷ്മി പറഞ്ഞു.
സംഘപരിവാറിനെതിരെ ഫെമിനിസ്റ്റുകളുടെ പ്രതിഷേധമാണ് ലക്ഷ്യം വച്ചിരുന്നത്. എന്നാല്‍ സംഘപരിവാര്‍ ഫാസിസത്തിനെതിരെ പ്രതിഷേധിക്കാന്‍ ദളിത്, മുസ്ലീം, ഭിന്‌നലിംഗക്കാര്‍, ലൈംഗിക തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ അടക്കം സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ എത്തിയെന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ജയ ശര്‍മ പ്രതികരിച്ചു.
