ജോലി വാഗ്ദാനം ചെയ്ത ശേഷം യുവതിയെ വിദേശത്തേക്ക് കടത്തി  സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി

കൊല്ലം: ജോലി വാഗ്ദാനം ചെയ്ത ശേഷം യുവതിയെ വിദേശത്തേക്ക് കടത്തി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. ഇവരുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും ആരോപണുണ്ട്. യുവതി കൊല്ലം അഞ്ചാലുമൂട് പൊലീസില്‍ പരാതി നല്‍കി.

2015 ലാണ് കൊല്ലം കാ‍ഞ്ഞാവെളി സ്വദേശിയായ യുവതിയെ ഒമാനിലേക്ക് ഇവരുടെ ബന്ധുവായ സ്ത്രീ കൊണ്ട് പോകുന്നത്. ഒരുലക്ഷത്തി തൊണ്ണൂറായിരം രൂപയും യുവതി ബന്ധുവിന് നല്‍കി. വീട്ട് ജോലിയെന്നാണ് പറഞ്ഞിരുന്നത്. ഒരു മാസം ഒരു അറബിയുടെ വീട്ടില്‍ ജോലിക്ക് നിന്നു, പിന്നീട് ബന്ധുവായ സ്ത്രീ ഇവരെ ലൈംഗീകവൃത്തിക്ക് പ്രേരിപ്പിച്ചു. എതിര്‍ത്തപ്പോള്‍ കുളിമുറിയില്‍ ഘടിപ്പിച്ച ക്യാമറയിലെ സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി. 

ജോലിക്ക് നിന്ന് വീട്ടില്‍ നിന്ന് രക്ഷപ്പെട്ട് യുവതി ഒമാനിലെ ഇന്ത്യൻ എംബസിയെ സമീപിച്ചു. അവരുടെ സഹായത്തോടെ ഇന്നലെ കൊല്ലത്ത് എത്തുകയായിരുന്നു. അഞ്ചാലൂംമൂട് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബന്ധുവായ സ്ത്രീക്കെതിരെ കേസെടുത്തു. യുവതിക്കും ഭര്‍ത്താവിനുമെതിരെ ബന്ധുവായ സ്ത്രീയും പരാതി നല്‍കിയിട്ടുണ്ട്.