തെലങ്കാന: ബാതികമ്മ ആഘോഷത്തിന്റെ ഭാഗമയി സൗജന്യ സാരി വിതരണം നടത്തിയ തെലങ്കാന സര്‍ക്കാറിന് തിരിച്ചടി. ഒന്നിനും കൊള്ളാത്ത ഗുണനിലവാരം കുറഞ്ഞ സാരികള്‍ ഞങ്ങള്‍ക്ക് വേണ്ടെന്ന് അറിയിച്ച് സ്ത്രീകള്‍ രംഗത്തെത്തി. ഒരു നിലവാരവുമില്ലാത്ത സാരികളാണ് വിതരണം ചെയ്യുന്നതെന്നും അത് ഞങ്ങള്‍ക്ക് വേണ്ടെന്നും സ്ത്രീകള്‍ നിലപാടെടുത്തതോടെ സര്‍ക്കാര്‍ വെട്ടിലായി.

ബാതികമ്മയുടെ ഭാഗമായി കൈത്തറിയില്‍ നെയ്ത സാരികള്‍ വിതരണം ചെയ്യുമെന്നായിരുന്നു സര്‍ക്കാറിന്റെ അറിയിച്ചത്. എന്നാല്‍ വിതരണം ചെയ്ത സാരിക്ക് 100 രൂപ പോലും വിലവരില്ലെന്ന് സ്ത്രീകള്‍ പറയുന്നു. അതേസമയം സ്ത്രീകള്‍ ഇത്തരത്തില്‍ നിലപാടെടുക്കുന്നതിന് പിന്നില്‍ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ കുതന്ത്രമാണെന്ന് സര്‍ക്കാര്‍ ആരോപിച്ചു.

നിരവധിയിടങ്ങളില്‍ സാരികള്‍ കൂട്ടിയിട്ട് കത്തിച്ചുള്ള പ്രതിഷേധങ്ങള്‍ വരെ അരങ്ങേറി. സംഭവത്തിന്റ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതോടെ സര്‍ക്കാറിന് അത് നാണക്കേടായിരിക്കുകയാണ്. സാരി കത്തിക്കുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിക്കുന്നതല്ലെന്ന് ഭരണപക്ഷത്തുള്ളവര്‍ പ്രസ്താവനകള്‍ ഇറക്കി. അതേ സമയം സാരി വിതരണത്തിന്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് സ്ത്രീകള്‍ ആരോപിക്കുന്നത്.