വനിതാ ശാക്തീകരണവുമായി നടപടിയെ ബന്ധപ്പെടുത്തേണ്ടതില്ലെന്നും ചൈത്ര തെറ്റ് ചെയ്തോ എന്ന് സർക്കാർ അന്വേഷിക്കട്ടെ എന്നും എം സി ജോസഫൈൻ

തിരുവനന്തപുരം: എസ് പി ചൈത്ര തെരേസ ജോൺ സിപിഎം ഓഫീസ് റെയ്ഡ് ചെയ്തതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന്‍. തെറ്റു ചെയ്തവർക്കെതിരെ സർക്കാരിന് നടപടി എടുക്കാമെന്ന് ജോസഫൈന്‍ പറഞ്ഞു. തെറ്റിന്റെ കാര്യത്തിൽ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല. വനിതാ ശാക്തീകരണവുമായി നടപടിയെ ബന്ധപ്പെടുത്തേണ്ടതില്ലെന്നും ചൈത്ര തെറ്റ് ചെയ്തോ എന്ന് സർക്കാർ അന്വേഷിക്കട്ടെ എന്നും എം സി ജോസഫൈൻ പറഞ്ഞു. 

Add Asianetnews as a Preferred SourcegooglePreferred

അതേസമയം അർദ്ധരാത്രി സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത ഡിസിപിയുടെ ചുമതലയുണ്ടായിരുന്ന എസ് പി ചൈത്ര തെരേസ ജോൺ വില കുറഞ്ഞ പബ്ലിസിറ്റിക്കാണ് ശ്രമിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സർക്കാരിന് മീതെ പറക്കാൻ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

നിയമവാഴ്ച നടപ്പാക്കാനാണ് പൊലീസ് ശ്രമിക്കേണ്ടത്. പാർട്ടി ഓഫീസിൽ ഏതെങ്കിലും കേസിലെ പ്രതി ഒളിച്ചുതാമസിക്കുന്നില്ല. അങ്ങനെയൊരു വിവരമുണ്ടെങ്കിൽ, ആ പ്രതിയെ പിടികൂടേണ്ട അടിയന്തര സാഹചര്യം ഉണ്ടായിരുന്നെങ്കിൽ, പരിശോധന നടത്തിയത് മനസ്സിലാക്കാമായിരുന്നു. പാർട്ടി ഓഫീസിൽ നിന്ന് ഒരു പ്രതിയേയും പിടികൂടാൻ കഴിഞ്ഞില്ല. നിയമവാഴ്ച നടപ്പാക്കുന്നതിന് പകരം ഒരു പ്രഹസനം നടത്താനാണ് ശ്രമിച്ചതെന്നും കോടിയേരി ആരോപിച്ചു.

ബുധനാഴ്ച രാത്രി ഒരു സംഘം ആളുകൾ തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന് കല്ലെറിഞ്ഞിരുന്നു. ഈ സംഭവത്തിൽ അമ്പതോളം ഡിവൈഎഫ്ഐ പ്രവർത്തകരെ പ്രതിചേർത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. പോക്സോ കേസിൽ അറസ്റ്റിലായ രണ്ട് പ്രവർത്തകരെ കാണാൻ അനുവദിക്കാതിരുന്നതിനെ തുടർന്നായിരുന്നു പ്രതിഷേധം. ഇവരിൽ ചിലർ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലുണ്ട് എന്ന വിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു ഡിസിപിയുടെ ചുമതല വഹിച്ച എസ് പി ചൈത്ര തെരേസ ജോണിൻറെ നേതൃത്വത്തിൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയത്.