ആശുപത്രിയിൽ എത്തി എക്സ്റേ എടുത്തപ്പോഴാണ് ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്രിക വയറ്റിൽ കുടുങ്ങിയത് കണ്ടെത്തിയത്.
ഹൈദരാബാദ്: ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കുടുങ്ങിയ കത്രിക വീണ്ടും ശസ്ത്രക്രിയ നടത്തി പുറത്തെടുത്തു. ഹൈദരാബാദിലെ നൈസാം ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (നിംസ്) ആശുപത്രിയിലാണ് 33 കാരിയുടെ വയറ്റിൽ നിന്നും കത്രിക പുറത്തെടുത്തത്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു യുവതിയെ ശസ്ത്രക്രിയക്ക് വിധേയാക്കിയത്. എന്നാൽ അതിന് ശേഷവും അസഹ്യമായ വേദന അനുഭവപ്പെട്ട യുവതി വീണ്ടും ഡോക്ടറെ സമീപിക്കുകയായിരുന്നു.
ആശുപത്രിയിൽ എത്തി എക്സ്റേ എടുത്തപ്പോഴാണ് ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്രിക വയറ്റിൽ കുടുങ്ങിയത് കണ്ടെത്തിയത്. തുടർന്ന് ശനിയാഴ്ച രാവിലെ അടിയന്തര ശസ്ത്രക്രിയ നടത്തി ഉപകരണം നീക്കം ചെയ്യുകയായിരുന്നു. ആദ്യ ശസ്ത്രക്രിയ നടന്ന് മൂന്നു മാസത്തിന് ശേഷമാണ് യുവതിയുടെ വയറ്റിൽ നിന്നും കത്രിക പുറത്തെടുക്കുന്നത്. അതേസമയം തങ്ങൾ രോഗികൾക്കാണ് മുൻതൂക്കം നൽകുന്നതെന്നും അതുകൊണ്ടാണ് പിഴവ് മനസ്സിലാക്കി ഉടൻ ഉപകരണം നീക്കം ചെയ്തതെന്നും നിംസ് ആശുപത്രി ഡയറക്ടർ കെ മനോഹർ പറഞ്ഞു.
യുവതിയെ ഓപ്പറേഷൻ ചെയ്ത ഡോക്ടർക്കെതിരെ അന്വേഷണം നടത്തുന്നതിനുവേണ്ടി പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാൽ സര്‍ജനെതിരെ കടുത്ത നടപടി വേണമെന്നാണ് രോഗികളുടെ ആവശ്യം.
