ദില്ലി:മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന സുപ്രീം കോടതിയുടെ ചരിത്രപരമായ വിധിയെ പുറത്തുവരുമ്പോള്‍, അറിഞ്ഞിരിക്കേണ്ട അഞ്ച് സ്ത്രീകളുണ്ട്. സൈറാ ബാനു, ഇഷ്റത്ത് ജഹാന്‍, ഗുല്‍ഷാന്‍ പര്‍വീന്‍, ആഫ്രീന്‍ റഹ്മാന്‍, അതിയ സബ്രി തുടങ്ങിയവരാണിവര്‍. ഫോണിലൂടെയും, കത്തിലൂടെയും, വാട്ട്സാപ്പിലൂടെയും സ്ത്രീകളെ തലാഖ് ചൊല്ലിത്തുടങ്ങിയ കാലത്ത് ഈ സ്ത്രീകളാണ് കോടതിയുടെ മുന്നിലേക്ക് വിഷയം എത്തിച്ചതും ചരിത്രപരമായ വിധിക്ക് കാരണമായതും
15 വര്‍ഷങ്ങള്‍ ഒന്നിച്ച് താമസിച്ച ഭര്‍ത്താവ് തലാഖിലൂടെ ഒഴിവാക്കിയതിനെ തുടര്‍ന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സൈറാ ബാനു കോടതിയെ സമീപിക്കുന്നത്. ഇഷ്റത്ത് ജഹാന്‍, ഗുല്‍ഷന്‍ പര്‍വീന്‍, ആഫ്രീന്‍ റഹ്മാന്‍, അതിയ സബ്രി തുടങ്ങിയ മറ്റ് നാല് സ്ത്രീകളുടെ പരാതിയും സൈറാ ബാനുവിന്‍റെ പരാതിക്കൊപ്പം സുപ്രീം കോടതി പരിഗണിച്ചിരുന്നു.
1. സൈറ ബാനു
2015 ഒക്ടോബറിലാണ് 36 കാരിയായ സൈറാ ബാനുവിനെ ഭര്‍ത്താവ് മുത്തലാഖിലൂടെ ഉപേക്ഷിച്ചത്. ഉത്തര്‍പ്രദേശ് സ്വദേശിനിയായ ഇവര്‍ തുടര്‍ന്ന് ഒരു വര്‍ഷത്തിന് ശേഷം കോടതിയെ സമീപിക്കുകയായിരുന്നു. മുത്തലാഖ്, ബഹുഭാര്യത്വം, നിക്കാഹ് ഹലാല തുടങ്ങിയവ നിയമ വിരുദ്ധവും , ഭരണഘടനാ വിരുദ്ധവുമാണെന്ന് പ്രഖ്യാപിക്കണമെന്നായിരുന്നു സൈറാ ബാനുവിന്‍റെ ആവശ്യം. എന്നാല്‍ ഇവയെ മുസ്ലിം വ്യക്തി നിയമം അംഗീകരിക്കുന്നുണ്ടെന്നായിരുന്നു ഭര്‍ത്താവ് പറഞ്ഞത്. ഭര്‍ത്താവിന്‍റെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് തന്നെ ആറ് തവണ അബോര്‍ഷന് വിധയമാക്കിയെന്നും ഇവര്‍ ആരോപിച്ചിരുന്നു.
2. ഇഷ്റത്ത് ജഹാന്‍
2015 ലാണ് ഇഷ്റത്ത് ജഹാനെ ഭര്‍ത്താവ് മുര്‍ത്താസ് തലാഖ് ചൊല്ലി ഉപേക്ഷിച്ചത്. ഗള്‍ഫിലായിരുന്ന മുര്‍ത്താസ്, ഇഷ്റത്ത് ജഹാനെ ഫോണില്‍ വിളിച്ച് മൂന്ന് പ്രാവശ്യം തലാഖ് ചൊല്ലുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു. ഇവരുട നാല് കുട്ടികളുടെ സംരക്ഷണവും മുര്‍ത്താസ് ആണ് ഏറ്റെടുത്തിരിക്കുന്നത്. ഫോണിലൂടെയുള്ള തലാഖ് അംഗീകരിക്കുകയില്ലെന്നും തന്‍റെ മക്കളെ തിരിച്ച് വേണമെന്നും, അവരെ വളര്‍ത്തുന്നതിനായി ജീവനാംശവും ഇഷ്റത്ത് ജഹാന്‍ ആവശ്യപ്പെടുന്നു.
3. ഗുല്‍ഷാന്‍ പര്‍വീന്‍
തന്‍റെ മാതാപിതാക്കളെ കാണാനായി വീട്ടിലേക്ക് പോയ ഗുല്‍ഷാനെ ഭര്‍ത്താവ് മൊഴി ചൊല്ലുകയായിരുന്നു. പത്ത് രൂപയുടെ സ്റ്റാംപ് പേപ്പറില്‍ തലാഖ് എന്നെഴുതി ഇയാള്‍ അയച്ച് കൊടുക്കുകയായിരുന്നു. ഈ കത്ത് സ്വീകരിക്കാനൊ വിവാഹ മോചനം അംഗീകരിക്കാനോ ഇവര്‍ തയ്യാറായില്ല. തുടര്‍ന്ന് ഭര്‍ത്താവ് കോടതിയെ സമീപിക്കുകയായിരുന്നു.
4. ആഫ്രീന്‍ റഹ്മാന്‍
2014 ലാണ് ആഫ്രീന്‍ റഹ്മാന്‍ മാട്രിമോണല്‍ പോര്‍ട്ടല്‍ വഴി തന്‍റെ പങ്കാളിയെ കണ്ടെത്തുന്നത്. മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ ഇവര്‍ വിവാഹിതരാവുകയും ചെയ്തു. എന്നാല്‍ സ്ത്രീധനത്തിന്‍റെ പേരില്‍ ഇവരെ ഭര്‍ത്താവിന്‍റെ കുടുംബാംഗങ്ങള്‍ മര്‍ദ്ദിച്ചിരുന്നു. 2015 ല്‍ വീട്ടിലേക്ക് തിരിച്ച് പോകാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ സ്വന്തം വീട്ടിലേക്ക് മടങ്ങി. പിന്നീട് തലാഖ് എന്നെഴുതിയ ഒരു സ്പീഡ് പോസ്റ്റ് ഭര്‍ത്താവ് ഇവര്‍ക്ക് അയക്കുകയായിരുന്നു.
5. ആതിയ സബ്രി
2012 ല്‍ വിവാഹിതയായ അറ്റിയ സബ്രിയെ ഭര്‍ത്താവ് തലാഖ് ചൊല്ലി ഉപേക്ഷിച്ചത് ഒരു കടലാസിലൂടെയാണ്. രണ്ടുപെണ്‍കുട്ടികളാണ് ഇവര്‍ക്കുള്ളത്.
