മോസ്കോ: കൊളംബിയ-സെനഗല്‍ ഗ്രൂപ്പ് പോരാട്ടത്തില്‍ നിര്‍ണായക സമയത്ത് നോക്കുകുത്തിയായ ഒരു കളിക്കാരനെ ട്രോളി കൊല്ലുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. മറ്റാരുമല്ല, സെനഗലിന്റെ  ഇഡ്രിസ ഗയെയെ. കോര്‍ണര്‍ കിക്കില്‍ നിന്ന് കൊളംബിയയുടെ യെറി മിനാ ഹെഡ്ഡറിലൂടെ ഗോള്‍ നേടുമ്പോള്‍ പോസ്റ്റില്‍ ചാരി നില്‍ക്കുകയായിരുന്നു  ഇഡ്രിസ ഗയെ. മത്സരത്തില്‍ സമനില നേടിയാല്‍ പോലും പ്രീ ക്വാര്‍ട്ടറിലെത്താമായിരുന്ന സെനഗല്‍ തോറ്റതാകട്ടെ ഒറ്റ ഗോളിനും.

കൊളംബിയൻ താരങ്ങൾ കോർണർ കിക്കെടുക്കാൻ തയാറെടുക്കുമ്പോൾ അരയിൽ കൈകുത്തി ഇങ്ങു പോസ്റ്റിനു സമീപം ചാരി നിൽക്കുകയായിരുന്നു ഗയെ. പിന്നീട് പന്ത് സെനഗൽ പോസ്റ്റ് ലക്ഷ്യമാക്കി ഉയർന്നു വരുമ്പോഴും, പന്തു വലയിലേക്കു തിരിച്ചുവിടാൻ കൊളംബിയൻ താരങ്ങളും തടയാൻ സെനഗൽ താരങ്ങളും ഉയർന്നു പൊന്തുമ്പോഴഉമെല്ലാം ഒന്നനങ്ങുക പോലും ചെയ്യാതെ പോസ്റ്റിൽ ചാരി അതേ നിൽപ്പായിരുന്നു ഗയെ.

യെറി മിനായുടെ ഹെഡർ വലയിലേക്കു വരുമ്പോള്‍ അത് നോക്കി നിന്ന ഗയെയുടെ നടപടി സഹതാരങ്ങളെപ്പോലും  ഞെട്ടിച്ചിരുന്നു. ഒന്നനങ്ങിയാൽ പന്ത് തടയാൻ സാധിക്കുന്ന പൊസിഷനായിട്ടും എന്തുകൊണ്ട് ഗയെ അതിന് മിനക്കെട്ടില്ലന്നത് ഇപ്പോഴും അജ്ഞാതം! ഈ ഗോൾ സമ്മാനിച്ച തോൽവിയോടെ സെനഗൽ ലോകകപ്പിൽനിന്ന് പുറത്താകുകയും ചെയ്തു.

ജപ്പാനുമായി പോയിന്റ് നിലയിൽ ഒപ്പമെത്തിയിട്ടും ഫെയർപ്ലേ എന്ന കടമ്പയിൽ തട്ടിയാമ് സെനഗല്‍ പുറത്തുപോയത്. ഗ്രൂപ്പു മൽസരങ്ങൾ പൂർത്തിയാകുമ്പോൾ ഇരുടീമുകളും പോയിന്റും നിലയിലും ഗോൾവ്യത്യാസത്തിലും ഗോൾ എണ്ണത്തിലും നേരിട്ടുള്ള മൽസരഫലത്തിലും തുല്യത പാലിച്ചതോടെയാണ് പ്രീക്വാർട്ടർ ബർത്തി നിർണയിക്കാൻ ചുവപ്പുകാർഡുകളും മഞ്ഞക്കാർഡുകളും പ്രധാനമാകുന്ന ഫെയർപ്ലേ മാനദണ്ഡം നോക്കേണ്ടി വന്നത്.