തിരുവനന്തപുരം: കേരള വികസനത്തിന് പ്രവാസികളുടെ പങ്കുറപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ലോക കേരളസഭ ഇന്ന് തിരുവനന്തപുരത്ത് തുടങ്ങും. രണ്ട് ദിവസമായി നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളും പ്രവാസി പ്രതിനിധികളും വിവിധ രംഗത്തെ വിദഗ്ധരും പങ്കെടുക്കും

പ്രവാസികളുടെ പങ്കാളിത്തമുറപ്പാക്കി, ചര്‍ച്ചകളിലൂടെ സംസ്ഥാനത്തിന്റെ സമഗ്ര വികസനമാണ് ലക്ഷ്യം. മുഖ്യമന്ത്രി, മന്ത്രിമാര്‍, പ്രതിപക്ഷനേതാവ് ജനപ്രതിനിധികള്‍ വിവിധ രംഗത്തെ പ്രമുഖര്‍, പ്രവാസി പ്രതിനിധികള്‍ എന്നിവരടക്കം ആകെ 351 അംഗങ്ങള്‍ പങ്കെടുക്കും. അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാറില്‍ നിക്ഷിപ്തമായിരിക്കും. ഓരോ സംസ്ഥാനത്തെയും രാജ്യത്തെയും പ്രവാസികളുടെ എണ്ണം, ഭൂ പ്രദേശങ്ങളുടെ പ്രാതിനിധ്യം, നിര്‍ദ്ദേശിക്കപ്പെടുന്നവര്‍ പൊതുസമൂഹത്തിനു നല്‍കിയ സംഭാവനകള്‍ തുടങ്ങിയ പരിഗണനകള്‍ മുന്‍നിര്‍ത്തിയാണ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ്. ഒന്‍പതരക്ക് സഭാ സെക്രട്ടറി ജനറലായ ചീഫ് സെക്രട്ടറി ഔദ്യോഗിക പ്രഖാപനം നടത്തും. പിന്നെ അംഗങ്ങള്‍ ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ന്നാണ് ഉദ്ഘാടനം.

എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നേരിടുന്ന സിസി തമ്പിയെ പ്രവാസി പ്രതിനിധിയാക്കിയത് ഇതിനകം വിവാദമായി. രണ്ടുവര്‍ഷത്തിലൊരിക്കല്‍ പ്രവാസി പ്രതിനിധികളെ പുതുതായി സര്‍ക്കാരും പ്രവാസി സംഘടനകളും ചേര്‍ന്ന് നാമനിര്‍ദ്ദേശം ചെയ്യും. രണ്ട് വര്‍ഷത്തിലൊരിക്കലെങ്കിലും സഭചേരും. ലോകകേരള സഭയുടെ ഭാഗമായി കലാ സാംസ്‌ക്കാരിക പരിപാടികളും ഉണ്ടാകും.