ലോക നഴ്സ് ദിനംആചരിച്ചു മാലാഖമാരായി വിളക്കേന്തിയ നഴ്സുമാര്‍

ഇടുക്കി: മൂന്നാറില്‍ ലോക നഴ്സ് ദിനംആചരിച്ചു. ആധുനിക നേഴ്സിംഗിന് അടിത്തറ പാകിയ ഫ്ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനത്തില്‍ ആചരിക്കുന്ന ലോക നഴ്സ് ദിനം മൂന്നാറില്‍ ടാറ്റാ ഗ്ലോബല്‍ ബിവറേജസ് ലിമിറ്റഡ് കമ്പനിയുടെ കീഴിലുള്ള ഹൈറേഞ്ച് ആശുപത്രിയിലാണ് ആചരിച്ചത്. രാവിലെ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.സാമുവല്‍ വിജയകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. 

ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ മറ്റുള്ളവര്‍ക്കായി ജീവിതം സമര്‍പ്പിക്കുന്നതിന്റെ പ്രതീകമായി കത്തിച്ച മെഴുകുതിരികളുമായി ലോകമാസകലമുള്ള നഴ്സുമാര്‍ക്കായ് പ്രാര്‍ത്ഥനകള്‍ നടത്തി. തുടര്‍ന്ന് നഴ്സുമാരുടെ നേതൃത്വത്തില്‍ പ്രതിഞ്ജ ചൊല്ലി. വിളക്കേന്തിയ വനിത എന്നറിയപ്പെടുന്ന ഫ്ളോറന്‍സ് നൈറ്റിംഗേല്‍ യുദ്ധമുഖത്ത് പരിക്കേറ്റ പട്ടാളക്കാര്‍ക്കു നല്‍കിയ പരിചരണത്തിലൂടെയാണ് ലോകപ്രശസ്തയായത്. 

യുദ്ധത്തില്‍ മുറിവേറ്റ പട്ടാളക്കാരുടെ ദയനീയ സ്ഥിതിയെക്കുറിച്ചറിഞ്ഞ ഫ്ളോറന്‍സ് താന്‍ പരീശീലനം നല്‍കിയ 38 നഴ്സുമാരോടൊപ്പം 1854 ല്‍ തുര്‍ക്കിയിലെ ഇസ്താംബുളില്‍ എത്തിച്ചേര്‍ന്നതിനു ശേഷമാണ് പട്ടാളക്കാരുടെ ദയനീയ സ്ഥിതി മനസ്സിലാക്കി കര്‍മ്മനിരതയായത്. 1857 ല്‍ ഇംഗ്ലണ്ടിലേയ്ക്ക് തിരികെയെത്തിയ ഫ്ളോറന്‍സിനെ അന്ന് ബ്രിട്ടണ്‍ ഭരിച്ചിരുന്നു വിക്ടോറിയ രാജ്ഞി കഴിഞ്ഞാല്‍ അടുത്ത പ്രശസ്ത വ്യക്തിയായി കണക്കാക്കിയിരുന്നു. 

ഇന്ത്യയിലുള്ള ഗ്രാമങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠനം നടത്തിയ അവര്‍ ഇവിടുത്ത് വൈദ്യപരിചരണവും പൊതുജനാരോഗ്യവും മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. 1883 ല്‍ വിക്ടോറിയ മഹാരാജ്ഞി റോയല്‍ റെഡ് ക്രോസ് നല്‍കി ആദരിച്ചു. ഓര്‍ഡര്‍ ഓഫ് മെറിറ്റ് നേടി ആദ്യത്തെ വ്യക്തിയാണ്. 1910 ഓഗസ്റ്റ് 13 ന് തൊണ്ണൂറാമത്തെ വയസ്സില്‍ ഈ ആതുരം രംഗത്ത് വെളിച്ചം കൈമാറി ഈ ലോകത്തു നിന്നും വിടവാങ്ങി.