ദോഹ: എണ്ണ വിപണിയില്‍ സ്ഥിരത ഉറപ്പാക്കുന്നതിനുള്ള ദോഹ സമ്മേളനത്തിന് നാളെ തുടക്കമാവും. വിപണിയിലെ അസ്ഥിരത ചര്‍ച്ച ചെയ്യുന്നതിനും ഉല്‍പാദനം മരവിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ സമവായമുണ്ടാക്കുന്നതിനുമാണ് ഒപെക് രാജ്യങ്ങള്‍ നാളെ ദോഹയില്‍ സമ്മേളിക്കുന്നത്.
എണ്ണ ഉല്‍പാദക രാജ്യങ്ങളിലെ മന്ത്രിമാരും ഒപെക് - ഒപെക് ഇതര രാജ്യങ്ങളിലെ ഉന്നത തല പ്രതിനിധികളുമാണ് നാളെ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുക. ഇതിനായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഇന്നുച്ചയോടെ തന്നെ ദോഹയില്‍ എത്തിയിട്ടുണ്ട്. സൗദി അറേബ്യ,വെനിസ്വെല,റഷ്യ ഖത്തര്‍ എന്നീ രാജ്യങ്ങള്‍ മുന്നോട്ടു വെച്ച നിര്‍ദേശങ്ങളിലുള്ള തുടര്‍ചര്‍ച്ചകളാണ് സമ്മേളനത്തിലെ പ്രധാന അജണ്ട.
എണ്ണയുല്‍പാദക രാജ്യങ്ങളിലെയും അമേരിക്കയിലെയും ഉല്‍പാദകവര്‍ധനവിനെ തുടര്‍ന്ന് 2014 പകുതിയോടെയാണ് എണ്ണ വില ബാരലിന് 27 ഡോളറിലേക്ക് കൂപ്പുകുത്തിയത്. വിലയിടിവ് ഗള്‍ഫ് രാജ്യങ്ങളില്‍ ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഉല്‍പാദനം കഴിഞ്ഞ ജനുവരിയിലെ തോതില്‍ മരവിപ്പിക്കണമെന്ന നിര്‍ദേശമാണ് കഴിഞ്ഞ മാസം ഖത്തര്‍ ഉള്‍പെടെ നാല് ഉല്‍പാദക രാജ്യങ്ങള്‍ മുന്നോട്ടുവെച്ചത്.
എന്നാല്‍ ഈ നിര്‍ദേശം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇറാന്‍ അറിയിച്ചിരുന്നു. അതേസമയം ഉല്‍പാദനം നിയന്ത്രിക്കുന്നതിനോടു യോജിക്കുന്നില്ലെങ്കിലും നാളെ നടക്കുന്ന സമ്മേളനത്തില്‍ ഇറാനും പങ്കെടുത്തേക്കും. ദോഹ സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ എണ്ണ വില കഴിഞ്ഞ വാരം 40 ഡോളറിനു മുകളിലെത്തിയത് നാളെ നടക്കുന്ന സമ്മേളനത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.
