ബേണ്‍: ലോകത്തെ ഏറ്റവും വലിയ ഭൂഗര്‍ഭ റെയില്‍പാത സ്വിറ്റ്സര്‍ലന്‍ഡില്‍ തുറന്നു. ആല്‍പ്സ് മലനിരകള്‍ തുരന്ന് ഏതാണ്ട് 20 വര്‍ഷം കൊണ്ടാണ് ഇറ്റലിയിലേക്കുള്ള റയില്‍പാതയുടെ പണി പൂര്‍ത്തിയാക്കിയത്. ലോകത്തിലെ ഏറ്റവും നീളമേറിയതും ആഴത്തിലുള്ളതുമായ ഭൂഗര്‍ഭ റെയില്‍ പാത, അതാണ് ഗൊഥാര്‍ഡ് ബേസ് തുരങ്കം.

ആല്‍പ്സ് പര്‍വതനിരകളുടെ മുകള്‍ ഭാഗത്ത് നിന്ന് 2300 മീറ്റര്‍ താഴ്ചയില്‍ 57 കിലോമീറ്റര്‍ നീളുന്നതാണ് പാത. 2600 തൊഴിലാളികള്‍ 20വര്‍ഷത്തോളം നീണ്ട കഠിനാധ്വാനത്തിനൊടുവിലാണ് ഗൊഥാര്‍ഡ് ബേസ് ഭൂഗര്‍ഭ റെയില്‍വേ പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 12,500 മില്യണ്‍ ഡോളറാണ് നിര്‍മ്മാണ ചെലവ്.

സ്വിറ്റ്സര്‍ലന്‍ഡില്‍ നടന്ന വര്‍ണാഭമായ ചടങ്ങിലാണ് പാത ഗതാഗതത്തിനായി തുറന്നുകൊടുത്തത്. സ്വിസ് നേതാക്കള്‍ക്ക് പുറമെ ജര്‍മ്മന്‍ ചാന്‍സലര്‍ ഏന്‍ജല മെര്‍ക്കല്‍, ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സ്വ ഒളോന്ദ് തുടങ്ങി നിരവധി രാഷ്‌ട്രനേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. തെക്ക്-വടക്ക് യൂറോപ്പുകളെ ബന്ധിപ്പിക്കുന്ന പാത യൂറോപ്പിലെ ചരക്ക് ഗതാഗതത്തില്‍ നിര്‍ണായക മാറ്റമുണ്ടാക്കും. നിലവില്‍ നിരവധി ലോറികള്‍ വഴി അയച്ചിരുന്ന ടണ്‍ കണ്‍ക്കിന് ചരക്ക് ഇനി ട്രെയിന്‍ വഴി എളുപ്പത്തില്‍ അയക്കാനാകും.