ദില്ലി:  ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഭരണഘടനാ ബഞ്ച് വിധിയ്ക്കെതിരെ നൽകിയ റിട്ട് ഹർജികൾ വൈകിട്ടത്തേയ്ക്ക് പരിഗണിക്കാൻ മാറ്റി. ചീഫ് ജസ്റ്റിസ് ര‍ഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത് മാറ്റിയത്. വൈകിട്ട് മൂന്ന് മണിയ്ക്ക് ഭരണഘടനാ ബഞ്ച് ചേംബറിൽ റിവ്യൂ ഹർജികൾ പരിഗണിച്ച ശേഷം മാത്രമേ മൂന്നംഗബഞ്ച് റിട്ട് ഹർജികൾ പരിഗണിക്കൂ. 

ഇതിനിടെ, പുനഃപരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ കേൾക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. രാവിലെ പത്തരയ്ക്ക് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിലാണ് ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കണമെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. 

എന്നാൽ ചേംബറിൽ പരിഗണിയ്ക്കാൻ തീരുമാനിച്ച ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കാനുള്ള സാഹചര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. നേരത്തെ വ്യക്തമാക്കിയത് പോലെ ഹർജികൾ ചേംബറിൽത്തന്നെ പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കി.

അതേസമയം, റിട്ട് ഹർജികളെ സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ എതിർത്തു. ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച വിധി നടപ്പാക്കുന്നതിനെ എതിർത്ത് നൽകിയ ഹർജികൾ നിലനിൽക്കില്ലെന്ന് സംസ്ഥാനസർക്കാർ കോടതിയിൽ വ്യക്തമാക്കി.

Read More: എന്താണ് റിട്ട്, റിവ്യൂ ഹർജികൾ തമ്മിലുള്ള വ്യത്യാസം? ശബരിമല കേസിൽ സംഭവിക്കുന്നതെന്ത്?

വൈകിട്ട് മൂന്ന് മണിയ്ക്കാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബഞ്ച് പുനഃപരിശോധനാഹർജികൾ ചേംബറിൽ വച്ച് പരിഗണിയ്ക്കുക.  വൈകിട്ടോടെയോ നാളെ രാവിലെയോ സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഭരണഘടനാബഞ്ചിന്‍റെ തീരുമാനം എന്തെന്ന് അറിയാം.