'ഞാന്‍ പറയാത്ത കാര്യങ്ങള്‍ എന്റെ ഒരു വാചകത്തോട് കൂട്ടിയൊട്ടിച്ച് നുണപ്രചാരണം നടത്തുന്ന രീതി സംഘികള്‍ അവസാനിപ്പിക്കണം. ഇതാണോ നിന്റെയൊക്കെ ഹിന്ദുത്വം?...' 

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലൂടെ പങ്കുവച്ച അഭിപ്രായം വളച്ചൊടിച്ച്, ഉപയോഗിച്ചുവെന്നാരോപിച്ച് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി രംഗത്ത്. സംഘ്പരിവാര്‍ താന്‍ പറയാത്ത കാര്യങ്ങള്‍ വച്ച് പ്രചാരണം നടത്തുകയാണെന്നാണ് ശ്രീകുമാരന്‍ തമ്പി പുതിയ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നത്. 

കുറിപ്പിനൊപ്പം ശ്രീകുമാരന്‍ തമ്പിയുടെ പേരില്‍ പ്രചരിക്കുന്ന ഫോട്ടോകാര്‍ഡും പങ്കുവച്ചിട്ടുണ്ട്. 'ശബരിമല പിണറായി സര്‍ക്കാരിന് ശവക്കുഴി' എന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞതായാണ് കാര്‍ഡിലുള്ളത്. എന്നാല്‍ താന്‍ അത്തരത്തിലൊന്നും സംസാരിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 

ശ്രീകുമാരന്‍ തമ്പിയുടെ വാക്കുകള്‍...

'ഞാന്‍ പറയാത്ത കാര്യങ്ങള്‍ എന്റെ ഒരു വാചകത്തോട് കൂട്ടിയൊട്ടിച്ച് നുണപ്രചാരണം നടത്തുന്ന രീതി സംഘികള്‍ അവസാനിപ്പിക്കണം. ഇതാണോ നിന്റെയൊക്കെ ഹിന്ദുത്വം? എന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പിണറായി എന്ന പേരോ കേരളസര്‍ക്കാര്‍ എന്ന വാക്കോ ഞാന്‍ പറഞ്ഞിട്ടില്ല. മാന്യമായി ജീവിക്കുന്ന ഹിന്ദുക്കളെക്കൂടി നശിപ്പിച്ച് ഇവര്‍ എന്ത് നേടാന്‍ പോകുന്നു? ഒരു കാര്യം സംഘികള്‍ ഓര്‍ത്തിരിക്കണം, കേരളത്തില്‍ ബംഗാളും ത്രിപുരയും ആവര്‍ത്തിക്കാമെന്നു നിങ്ങള്‍ സ്വപ്നം കാണണ്ട. നിങ്ങള്‍ എത്ര കൂകി വിളിച്ചാലും മലയാളികള്‍ അങ്ങനെ മാറാന്‍ പോകുന്നില്ല. എല്ലാവരും ഓര്‍ത്തിരിക്കേണ്ട ഒരു സത്യമുണ്ട്. സനാതനധര്‍മ്മം തെമ്മാടിത്തവും നുണപ്രചാരണവുമല്ല... പ്രിയ സുഹൃത്തുക്കളോട് ഞാന്‍ ആവര്‍ത്തിക്കട്ടെ,.... മേക്കപ്പിട്ട് ക്ഷേത്രത്തില്‍ കയറിയതിനെ മാത്രമേ ഞാന്‍ എതിര്‍ത്തിട്ടുള്ളൂ...'