ചൈനയില്‍ ഒരു ഡ്രൈവര്‍ വന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പുത്തന്‍ ഓഡി തകര്‍ന്നെങ്കിലും ജീവനോടെ രക്ഷപ്പെട്ടതിന്റെ സന്തോഷത്തിലാണ് ഡ്രൈവറിപ്പോള്‍. ചൈന സുസായ് മേഖലയില്‍ ചെവ്വാഴ്ചയാണ് സംഭവം നടന്നത്.
29 വയസുകാരനായ ഡ്രൈവര്‍ പുത്തന്‍ ഓഡിയുമായി സാധാരണമായി യാത്ര ചെയ്യുകയായിരുന്നു. കൃത്യം കാര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ വലിയ ഒരു ദണ്ഡ് കാറിന് മുകളിലേക്ക് പതിക്കുന്നു. കുറച്ച് നിമിഷം കാറിനകത്ത് എന്ത് സംഭവിച്ചു എന്ന് വ്യക്തമാകുന്നില്ലെങ്കിലും കുറച്ചു സമയത്തിന് ശേഷം ഡ്രൈവര്‍ പുറത്തേക്കിറങ്ങി വരുന്നു.ദൃശ്യങ്ങള്‍ സി.സി.ടി.വി കാമറയില്‍ പതിയുകയായിരുന്നു. കാഴ്ചക്കാരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഡ്രൈവര്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
അവിടെയൊന്നും അപകടസാധ്യതാ ബോര്‍ഡുകളൊന്നും ഉണ്ടായിരുന്നില്ല. ക്രെയിന്‍ തകര്‍ന്ന് കാറിന് മുകളിലേക്ക് വീണ് ഒരു നിമിഷം മനസ് ശൂന്യമായിരുന്നു. ഒരു തരിപ്പ് ശരീരത്തെ കീഴടക്കി. പിന്നീട് യാഥാര്‍ഥ്യം തിരിച്ചറിഞ്ഞപ്പോള്‍ പുറത്തേക്കിറങ്ങി ചുറ്റം നോക്കി ചിലര്‍ എന്തു പറയണമെന്നറിയാതെ നോക്കി നില്‍ക്കുന്നു- അപകടത്തില്‍ പെട്ട ഡ്രൈവര്‍ ഡെയ്‌ലി മെയിലിനോട് പറഞ്ഞത് ഇതായിരുന്നു. പകച്ചു നിന്ന കാഴ്ചക്കാര്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. കാര്യമായ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. ക്രെയിന്‍ തകര്‍ന്നതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
