നീ ഷുബിന്‍ എന്ന 20 വയസുകാരനെ 1995ലാണ് വെടിവെച്ചുകൊന്നത്. ബലാത്സംഗവും കൊലപാതകവുമായിരുന്നു ഇയാള്‍ക്കെതിരെ തെളിയിക്കപ്പെട്ട കുറ്റം. രണ്ട് പതിറ്റാണ്ട് പഴക്കമുള്ള കേസിന്റെ വിചാരണയില്‍ ആക്ഷേപം ഉന്നയിച്ച് പരാതി കിട്ടിയ സാഹചര്യത്തില്‍ പരമോന്നത കോടതി വീണ്ടും കേസ് പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് തെളിവുകള്‍ നീ ഷുബിനെ ശിക്ഷിക്കാന്‍ പര്യാപ്തമല്ലായിരുന്നെന്ന് കോടതി കണ്ടെത്തിയത്. 

പ്രദേശത്തെ ചോളപ്പാടത്തില്‍ ബലാത്സംഗത്തിനിരയായ യുവതിയുടെ മൃതദേഹം യുവതിയുടെ പിതാവാണ് കണ്ടെത്തിയത്. പൊലീസ് കുറ്റമാരോപിച്ച് നീയെ അറസ്റ്റ് ചെയ്യുകയും കോടതി വിചാരണ നടത്തി ശിക്ഷ വിധിക്കുകയുമായിരുന്നു. വധശിക്ഷ നടപ്പാക്കി പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം 2005ല്‍ മറ്റൊരാള്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് 2014ലാണ് കേസിന്റെ വിചാരണയില്‍ പിഴവ് പറ്റിയെന്നും വിധി പുനഃപരിശോധിക്കണമെന്നും കാണിച്ച് കോടതിയില്‍ അപേക്ഷ ലഭിച്ചത്. അഞ്ചംഗ സമിതിയാണ് പുനഃപരിശോധിച്ചത്. വിചാരണ സമയത്ത് സമര്‍പ്പിക്കപ്പെട്ട തെളിവുകളൊന്നും പ്രതിയെ ശിക്ഷിക്കാന്‍ പര്യാപ്തമല്ലെന്ന അന്തിമ വിധിയാണ് പുറപ്പെടുവിച്ചത്. 

വിധി കേട്ട് കോടതിയിലുണ്ടായിരുന്ന നീ ഷുബിന്റെ മാതാവ് പൊട്ടിക്കരഞ്ഞു. എന്റെ മകന്‍ നിരപരാധിയായിരുന്നെന്നും അവനൊരു നല്ല മനുഷ്യനായിരുന്നെന്നും മാത്രമേ എനിക്ക് പറയാനുള്ളൂവെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ബലാത്സംഗക്കുറ്റത്തിന് മകന്‍ ശിക്ഷിക്കപ്പെട്ടതില്‍ മനംനൊന്ത് പിതാവ് നേരത്തെ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. രാജ്യത്തെ പൊലീസ് മര്‍ദ്ദനങ്ങളുടെയും കേസുകള്‍ വളച്ചൊടിച്ച് നിരപരാധികളെ പ്രതിയാക്കുന്നതിന്റെയും നേര്‍ക്കാഴ്ചയാണ് ഈ സംഭവമെന്നാണ് പലരും വിലയിരുത്തുന്നത്. ലോകത്ത് ഏറ്റവുമധികം വധശിക്ഷ നടപ്പാക്കുന്ന രാജ്യമായ ചൈന ഓരോ വര്‍ഷവും നൂറുകണക്കിന് പേരെയാണ് തൂക്കിലേറ്റിയും വെടിവെച്ചുമൊക്കെ കൊല്ലുന്നത്.