ദില്ലി: ബിജെപി അദ്ധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ്ഷായുടെ കമ്പനിയെക്കുറിച്ചുള്ള റിപ്പോർട്ടിൽ കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിക്കണമെന്ന് മുതിർന്ന ബിജെപി നേതാവ് യശ്വന്ത് സിൻഹ ആവശ്യപ്പെട്ടു. സർക്കാരിന് ഈ ആരോപണം ധാർമ്മികമായി തിരിച്ചടിയാണെന്നും യശ്വന്ത് സിൻഹ കുറ്റപ്പെടുത്തി.

രണ്ടു ദിവസത്തെ മൗനത്തിനു ശേഷം അമിത് ഷായുടെ മകനെതിരെയുള്ള ആരോപണത്തിൽ ബിജെപി നേതൃത്വത്തെ വിമർശിച്ച് എൽകെ അദ്വാനി ക്യാംപ് രംഗത്തെത്തുകയാണ്. ജയ്ഷായുടെ കമ്പനി ഒറ്റവർഷത്തിൽ 50,000 രൂപ വിറ്റുവരവിൽ നിന്ന് 80 കോടി വിറ്റുവരവുള്ള കമ്പനിയായി ഉയർന്നു എന്നത് ഗൗരവതരമായ ആരോപണമാണെന്ന് മുതിർന്ന നേതാവ് യശ്വന്ത് സിൻഹ പറഞ്ഞു. 

ഇത് സർക്കാരിന് ധാർമ്മിക തിരിച്ചടിയായെന്നും സിൻഹ വിലയിരുത്തി. കേന്ദ്രം ഉടൻ അന്വേഷണത്തിന് ഉത്തവിടണമെന്ന് സിൻഹ ഒരഭിമുഖത്തിൽ പറഞ്ഞു. അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഒരു സ്വകാര്യ വ്യക്തി നല്കിയ കേസിൽ ഹാജരാകുന്നത് ഉചിതമല്ല. കേന്ദ്ര മന്ത്രിസ്ഥാനത്തിരിക്കുന്ന പിയൂഷ് ഗോയൽ എന്തിന് ജയ്ഷായെ പ്രതിരോധിച്ച് രംഗത്തുവന്നുവെന്നും യശ്വന്ത് സിൻഹ ചോദിച്ചു. 

സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാരിനെ പ്രതിരോധത്തിലാക്കിയ യശ്വന്ത് സിൻഹ പാർട്ടി നേതൃത്വത്തിനെതിരെ നീങ്ങാൻ കിട്ടിയ മറ്റൊരവസരം കൂടി ഉപയോഗിക്കുകയാണ്. വിഷയത്തിൽ ബിജെപിക്കുള്ളിൽ നിന്ന് ഇതാദ്യമായാണ് അപസ്വരം പുറത്തു വരുന്നത്. അന്വേഷണം വേണമെന്ന് കോൺഗ്രസ് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. യശ്വന്ത് സിൻഹയും ഇതേ ആവശ്യം ഉന്നയിച്ചത് പ്രതിപക്ഷത്തിന് നേട്ടമായി.