തെലങ്കാനയിലെ ദില്‍സുഖ്നഗര്‍ ഇരട്ട സ്ഫോടനക്കേസില്‍ യാസിന്‍ ഭട്കല്‍ ഉള്‍പ്പെടെയുള്ള അഞ്ച് ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ക്ക് വധശിക്ഷ. ഹൈദരാബാദ് എന്‍ഐഎ പ്രത്യേക കോടതിയുടേതാണ് വിധി.രണ്ടായിരത്തിപതിമൂന്നിലുണ്ടായ ഇരട്ട സ്ഫോടനങ്ങളില്‍ പതിനെട്ട് പേരാണ് മരിച്ചത്.
ഹൈദരാബാദിലെ ദില്‍സുഖ്നഗറിലുണ്ടായ ഇരട്ട സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച നിരോധിത തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീന്റെ സ്ഥാപക നേതാവ് യാസിന്‍ ഭട്കല്‍, അസദുള്ള അക്തര്‍, പാക്കിസ്ഥാന്‍ പൗരന്‍ വഖാസ്, മുഹമ്മദ് തഹ്സീന്‍ അക്തര്‍, ഐസാസ് ഷയീദ് ഷെയ്ഖ് എന്നിവര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്. ഇന്ന് രാവിലെ ചെര്‍ളപ്പള്ളി സെന്‍ട്രല്‍ ജയിലിനകത്തുള്ള എന്‍ഐഎ പ്രത്യേക കോടതിയില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും ഇത് ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ക്കുള്ള ശക്തമായ സന്ദേശമായിരിക്കുമെന്നും പ്രൊസിക്യൂട്ടര്‍ വാദിച്ചിരുന്നു. ഇതു കൂടി പരിഗണിച്ചാണ് കേസിലെ അഞ്ച് പ്രതികള്‍ക്കും കോടതി പരമാവധി ശിക്ഷ നല്‍കിയത്. കേസിലെ മുഖ്യപ്രതിയായ റിയാസ് ഭട്കല്‍ പാക്കിസ്ഥാനിലെ അജ്ഞാത കേന്ദ്രത്തില്‍ ഇപ്പോഴും ഒളിവിലാണ്. രണ്ടായിരത്തിപതിമൂന്ന് ഫെബ്രുവരി ഇരുപത്തിമൂന്നിന് സന്ധ്യക്കാണ് ദില്‍സുഖ്നഗറിലെ തിരക്കേറിയ ചായക്കടയിലും തൊട്ടടുത്തുള്ള സിനിമ തീയേറ്ററിന് മുന്നിലും നിമിഷങ്ങളുടെ വ്യത്യാസത്തില്‍ സ്ഫോടനമുണ്ടായത്. ഇതില്‍ പതിനെട്ട് പേര്‍ മരിക്കുകയും നൂറ്റിമുപ്പത്തിയൊന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സ്ഫോടനത്തിന്റെ അന്വേഷണം ഏറ്റെടുത്ത എന്‍ഐഎ പിന്നില്‍ പ്രവര്‍ത്തിച്ചത് ഇന്ത്യന്‍ മുജാഹീദ്ദീനാണെന്ന് കണ്ടെത്തുകയും റിയാസ് ഭട്കലിനേയും വഖാസിനേയും നേപ്പാള്‍ അതിര്‍ത്തിയില്‍ വച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കഴിഞ്ഞ വര്‍ഷം വിചാരണ തുടങ്ങിയ കേസിന്റെ ഭാഗമായി 157 സാക്ഷികളെയാണ് വിസ്തരിച്ചത്..ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ ഉള്‍പ്പെട്ട കേസില്‍ ആദ്യത്തെ ശിക്ഷ വിധിയാണ് ഇത്.
