ദില്ലി: ട്വിറ്ററില്‍ അടുത്തിടെയെത്തിയ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ട്വീറ്റ്. കേരളത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് സീതാറാം യെച്ചൂരി വി എസിനുള്ള ട്വീറ്റില്‍ ആവശ്യപ്പെട്ടു.വിഎസിന്റെ ട്വിറ്ററിലേക്ക് നേരത്തെ യെച്ചൂരി സ്വാഗതം ചെയ്തിരുന്നു. ഇതിനു മറുപടിയായി നന്ദി സഖാവ് യെച്ചൂരി, വലിയ വിജയങ്ങള്‍ക്കായി നമുക്ക് മുന്നേറാം എന്ന് വിഎസ് കുറിച്ചു.

ഈ അവസരം ഉപയോഗിച്ച് 'അതെ ഒറ്റക്കെട്ടായി മുന്നോട്ടു പോകാം' എന്ന് യെച്ചൂരി ഇന്ന് വ്യക്തമാക്കി. അനാവശ്യ വിവാദങ്ങള്‍ വേണ്ട എന്ന മുന്നറിയിപ്പാണ് കേരളത്തിലെ നേതാക്കള്‍ക്ക് യെച്ചൂരി നല്‍കുന്നത്. എന്തായാലും വിഎസ് മത്സരരംഗത്തുണ്ടാകണം എന്ന നിലപാടെടുത്ത യെച്ചൂരി അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കും എന്ന റിപ്പോര്‍ട്ടുകള്‍ക്ക് ബലം പകരുന്നതാണ് സമുഹമാധ്യമങ്ങളില്‍ കാണ്ടുന്ന ഈ ഐക്യം.

മദ്യനയത്തിൽ പിണറായിയുടെ പരാമർശത്തിന് മറുപടിയുമായി വിഎസ് അച്യുതാനന്ദൻ ഇന്ന് രംഗത്തെത്തിയിരുന്നു. ജനനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതാണ് എൽഡിഎഫിന്റെ മദ്യനയമെന്ന് വിഎസ് ഫേസ്ബുക്കിൽ കുറിച്ചു. പൂട്ടിയ ബാറുകൾ തുറക്കില്ലെന്ന് മാത്രമല്ല മദ്യ ഉപഭോഗം കുറയ്ക്കാൻ കൂടുതൽ നടപടികൾ ഉണ്ടാകുമെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു. എന്നാൽ സീതാറാം പറഞ്ഞത് അധികാരത്തിൽ എത്തുമ്പോൾ ചർച്ച ചെയ്യും എന്ന് പറഞ്ഞ പിണറായി ഈ നയത്തെ പൂർണ്ണമായും സ്വീകരിച്ചിരുന്നില്ല.

എന്നാൽ യെച്ചൂരിയെ ശക്തമായി പിന്തുണച്ചുകൊണ്ട് ജനറൽ സെക്രട്ടറി പറഞ്ഞത് തന്നെയാണ് മദ്യനയം എന്ന് വിഎസ് അച്യുതാനന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. ഇക്കാര്യത്തിൽ ആശയക്കുഴപ്പം എന്തിനാണ് എന്ന് ചോദിച്ചു കൊണ്ടായിരുന്നു ഫേസ്ബുക്കിലൂടെ വിഎസ് പിണറായിക്ക് പരോക്ഷ മറുപടി നല്‍കിയത്. വിഎസിന് പാർട്ടി വിരുദ്ധ മനോഭാവം എന്ന് പരാമർശമുള്ള പ്രമേയം ഇപ്പോഴും നിലനില്ക്കുന്നു എന്ന പിണറായി വിജയന്റെ പ്രസ്താവന കാര്യമാക്കുന്നില്ല എന്ന സന്ദേശമാണ് ഇന്നലെ വിഎസ് നല്‍കിയത്. ഇന്ന് മദ്യനയത്തെക്കുറിച്ചുള്ള നിലപാടിലൂടെ കേന്ദ്ര നേതൃത്വത്തോടൊപ്പമാണ് താനെന്ന് വ്യക്തമാക്കുകയും ചെയ്തു.

Scroll to load tweet…