ഒടുവില്‍ യെദ്യൂരപ്പ രാജിവെച്ചു.

ബംഗളുരു: ഒടുവില്‍ യെദ്യൂരപ്പ രാജിവെച്ചു. രണ്ടുദിവസം മാത്രം മുഖ്യമന്ത്രി കസേരയിലിരുന്ന അപൂര്‍വ ചരിത്രം ബാക്കിയാക്കി വിശ്വാസവോട്ട് തേടാതെ ബി.എസ് യെദ്യൂരപ്പ രാജിവെച്ചൊഴുഞ്ഞു. 20 മിനിറ്റ് വികാരത്രീവമായ പ്രസംഗത്തിനൊടുവില്‍ കര്‍ണാടക രാഷ്ട്രീയനാടകത്തിന്‍റെ പുതിയ വഴിത്തിരിവായി യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചു. 55 മണിക്കൂറുകള്‍ മാത്രമാണ് യെദ്യൂരപ്പയ്ക്ക് മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാനായത്.

തനിക്ക് വോട്ട് ചെയ്ത ജനങ്ങളോടും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും നന്ദി പറഞ്ഞുകൊണ്ടാണ് യെദ്യൂരപ്പ പ്രസംഗം തുടങ്ങിയത്. കോൺഗ്രസിനും ജെഡിഎസിനും ഭൂരിപക്ഷം കിട്ടിയില്ല. തെരഞ്ഞെടുപ്പിന് ശേഷം അവർ അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി. കുമാരസ്വാമി മുഖ്യമന്ത്രി ആകില്ലെന്ന് നേരത്തേ സിദ്ധരാമയ്യ പറഞ്ഞു. ഇപ്പോൾ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാൻ സിദ്ധരാമയ്യ ശ്രമിക്കുന്നു. അവസാന ശ്വാസം വരെ ജനങ്ങൾക്കായി പ്രവർത്തിക്കും. കുടിവെള്ളം പോലും നൽകാൻ കോൺഗ്രസിന് കഴിഞ്ഞില്ല. എത്ര സീറ്റ് കിട്ടി എന്നതല്ല, ജനം എന്താഗ്രഹിക്കുന്നു എന്നതാണ് പ്രധാനം. ജനങ്ങളെ ഇനിയും സേവിക്കണം. കർഷകരുടെ വായ്പ എഴുതി തള്ളണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

പ്രസംഗത്തിനിടെ ഒന്നിലധികം തവണ സിദ്ധരാമയ്യ തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. പ്രസംഗം നീട്ടിക്കൊണ്ടുപോകാതെ വോട്ടെടുപ്പിലേക്ക് കടക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അവഗണിച്ച് യെദ്യൂരപ്പ പ്രസംഗം തുടര്‍ന്നു. അര മണിക്കൂറോളം തുടര്‍ന്ന പ്രസംഗത്തിനൊടുവില്‍ വോട്ടെടുപ്പിലേക്ക് കടക്കാതെ അദ്ദേഹം രാജി പ്രഖ്യാപനവും നടത്തി. തൊട്ട് പിന്നാലെ യെദ്യൂരപ്പ സഭയ്ക്ക് പുറത്തേക്ക് പോയി. കോണ്‍ഗ്രസ് ജെഡിഎസ് അംഗങ്ങള്‍ വിജയചിഹ്നം ഉയര്‍ത്തി സന്തോഷം പങ്കുവെച്ചു. ഡി.കെ. ശിവകുമാര്‍ കുമാരസ്വാമിയുടെ സീറ്റിനടുത്തെത്തി അദ്ദേഹത്തിന്‍റെ കൈ പിടിച്ചുയർത്തി.സിദ്ധരാമയ്യക്ക് അംഗങ്ങള്‍ ഹസ്തദാനം നടത്തി. 

വിശ്വാസവോട്ടില്‍ ഭൂരിപക്ഷം തെളിയിക്കാനുളള എല്ലാ സാധ്യതകളും അടഞ്ഞതോടെയാണ് യെദ്യൂരപ്പയെ രാജിവെപ്പിക്കാന്‍ ബിജെപി നേതൃത്വം നിര്‍ബന്ധതമായത്. വിശ്വാസവോട്ടെടുപ്പ് നടന്നാല്‍ സ്വന്തം ക്യാമ്പിലെ ചില എംഎല്‍എമാര്‍ മറുകണ്ടം ചാടിയേക്കുമെന്നും ബിജെപി നേത്യത്വത്തിന് ഭയമുണ്ടായിരുന്നു.