Asianet News MalayalamAsianet News Malayalam

രാജിയിലും ചരിത്രമായി യെദ്യൂരപ്പ

  • നാടകീയ രാജിയിലും ചരിത്രം കുറിച്ച് യെദ്യൂരപ്പ
  • യെദ്യൂരപ്പ മുഖ്യമന്ത്രിസ്ഥാനത്ത് ഇരുന്നത് 55 മണിക്കൂര്‍ മാത്രം
Yeddyurappa resigns within 55 hours of taking over as Karnataka CM
Author
First Published May 19, 2018, 7:03 PM IST

ബെംഗളുരു: മൂന്ന് ദിവസം മാത്രം ആയുസ്സുണ്ടായിരുന്ന യുപി മുഖ്യമന്ത്രി ജഗദാംബിക പാലിന്‍റെ ചരിത്രം തിരുത്തിയാണ് യെദ്യൂരപ്പയുടെ രാജി. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ അഞ്ച് സംസ്ഥാനങ്ങളിലായി ബിജെപി നടപ്പാക്കിയ തന്ത്രമാണ് കോണ്‍ഗ്രസിന് ആയുധമായത്. 1998ൽ ഉത്തർപ്രദേശിൽ 72മണിക്കൂര്‍ മാത്രം മുഖ്യമന്ത്രിയായിരുന്ന ജഗദാംബിക പാലിന്‍റെ റെക്കോര്‍ഡാണ് 56 മണിക്കൂര്‍ മാത്രം മുഖ്യമന്ത്രികസേരയിലിരുന്ന് യെദ്യൂരപ്പ തിരുത്തിയത്.

അന്ന് മായാവതിയുടെ പിന്തുണ നഷ്ടപ്പെട്ട കല്യാൺ സിംഗ് സർക്കാരിനെ ഗവർണർ പിരിച്ചുവിട്ടപ്പോൾ വിമതരുടെ പിന്തുണയോടെ കോൺഗ്രസിന്റെ ജഗദാംബിക പാൽ മുഖ്യമന്ത്രിയായി. എന്നാൽ ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചു. ഇതോടെ മൂന്ന് ദിവസം പൂര്‍ത്തിയാകും മുമ്പേ മന്ത്രിസഭ രാജിവച്ചു. യെദ്യൂരപ്പയ്ക്ക് തിരിച്ചടിയായത് സര്‍ക്കാരുണ്ടാക്കാന്‍‍ ഭൂരിപക്ഷം വേണമെന്നോ ഏറ്റവും വലിയ ഒറ്റ കക്ഷി ആകണമെന്നോ നിര്‍ബന്ധമില്ലെന്ന് ആവർത്തിച്ച് തെളിയിച്ച ബിജെപിയുടെ നയം തന്നെയാണ്. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം, ആദ്യ തന്ത്രം അരുണാചൽ പ്രദേശിൽ. 2014ൽ 60 അംഗ നിയമസഭയിൽ 42 സീറ്റുമായി കോൺഗ്രസ് അധികാരത്തിലേറി.

എന്നാൽ, രണ്ട് വർഷത്തിനകം, മുഖ്യമന്ത്രി പേമ ഖണ്ഡുവടക്കം 41 എംഎൽഎമാരും ബിജെപിയിൽ. മണിപ്പൂരിൽ 60ൽ 28 സീറ്റുമായി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷി. പക്ഷേ 21 എംഎൽഎമാർ മാത്രമുള്ള ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചു. ഗോവയിൽ കോൺഗ്രസിന് 17 സീറ്റ്. പക്ഷേ അധികാരത്തിൽ വന്നത് 13 എംഎൽഎമാർ മാത്രം സ്വന്തമായുള്ള ബിജെപി. മേഘാലയത്തിലും നാഗാലാൻഡിലും സാഹചര്യം വ്യത്യസ്തമായിരുന്നില്ല. കേന്ദ്രമന്ത്രിമാരെ സംസ്ഥാനത്തേക്ക് അയച്ചിട്ടും മറ്റ് പാർട്ടികളിൽ നിന്ന് എംഎൽഎമാരെ അടർത്തിയെടുത്ത് അധികാരം ഉറപ്പിക്കാനുള്ള നീക്കം പാളിയതില്‍ ബിജെപി ക്യാംപിലെ അസ്വസ്ഥത ചെറുതല്ല.

Follow Us:
Download App:
  • android
  • ios