Asianet News MalayalamAsianet News Malayalam

മരണം കാത്തുകിടക്കുന്ന കുഞ്ഞിനെ കാണാന്‍ ഒടുവില്‍ ഷൈമയ്ക്ക് അനുമതി; നന്ദി അറിയിച്ച് ഭര്‍ത്താവ് അലി ഹസ്സന്‍

മകന് രോഗം മൂര്‍ച്ഛിച്ചതോടെ അവനെ ഒന്ന് കാണാനും അടുത്തിരിക്കാനും അവര്‍ ആഗ്രഹിച്ചു. എന്നാല്‍ ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന് ഉറപ്പുള്ള തന്‍റെ കുഞ്ഞിനൊപ്പം ചേര്‍ന്നിരിക്കാന്‍ ട്രംപ് ഭരണകൂടത്തിന്‍റെ യാത്രാവിലക്ക് നിയമം അനുവദിച്ചില്ല.

Yemeni mother granted permission to see dying 2-year-old son in us
Author
San Francisco, First Published Dec 19, 2018, 9:32 AM IST

സാന്‍ ഫ്രാന്‍സിസ്കോ: ട്രംപിന്‍റെ വിദേശ പൗരന്മാര്‍ക്കുള്ള വിലക്കിനെ തുടര്‍ന്ന് സ്വന്തം കുഞ്ഞിനെ ഒന്ന് കാണാന്‍ പോലും അനുവാദമില്ലാത്ത യെമന്‍ യുവതിയ്ക്ക് ഒടുവില്‍ അനുമതി. ജന്മനാ മസ്തിഷ്കത്തെ ബാധിച്ച ഗുരുതര രോഗത്തെ തുടര്‍ന്ന് മരണത്തോട് മല്ലടിയ്ക്കുകയാണ് യെമന്‍ സ്വദേശി ഷൈമയുടെയും അമേരിക്കന്‍ പൗരനായ അലി ഹസന്‍റെയും മകന്‍ രണ്ടു വയസ്സുകാരന്‍ അബ്ദുളള ഹസന്‍. 

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെ തുടര്‍ന്ന് ഭര്‍ത്താവും മകനുമായി പിരിഞ്ഞ് ഈജിപ്തിലായിരുന്നു ഷൈമയുടെ താമസം. മകന് രോഗം മൂര്‍ച്ഛിച്ചതോടെ അവനെ ഒന്ന് കാണാനും അടുത്തിരിക്കാനും അവര്‍ ആഗ്രഹിച്ചു. എന്നാല്‍ ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന് ഉറപ്പുള്ള തന്‍റെ കുഞ്ഞിനൊപ്പം ചേര്‍ന്നിരിക്കാന്‍ ട്രംപ് ഭരണകൂടത്തിന്‍റെ യാത്രാവിലക്ക് നിയമം അനുവദിച്ചില്ല.

സംഭവം വാര്‍ത്തയായതോടെ ആയിരക്കണക്കിന് പേരാണ് ഈ അമ്മയ്ക്ക് പിന്തുണയുമായി എത്തിയത്. ഇമെയിലുകളായും ഫോണ്‍ വിളികളായും വന്ന ഷൈമയ്ക്ക് വേണ്ടിയുള്ള അഭ്യര്‍ത്ഥന ഉടുവില്‍ ഫലം കാണുകയായിരുന്നു. അബ്ദുളള ഹസനെ കാണാന്‍ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് ഷൈമയ്ക്ക് അനുമതി നല്‍കി. 

ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമെന്നാണ് അനുമതിയെ അലി ഹസ്സന്‍ വിശേഷിപ്പിച്ചത്. അനുമതി നല്‍കിയ അമേരിക്കന്‍ ഭരണകൂടത്തോട് നന്ദിയുണ്ടെന്നും ഹസ്സന്‍ വ്യക്തമാക്കി. ബുധനാഴ്ച വൈകുന്നേരത്തോടെ ഷൈമ സാന്‍ഫ്രാന്‍സിസ്കോയിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം. 

ഇറാന്‍, ലിബിയ, സിറിയ, യെമന്‍, സൊമാലിയ എന്നീ മുസ്ലീം രാജ്യങ്ങള്‍ക്ക് പുറമെ ഉത്തരകൊറിയ, വെനസ്വേല എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ വിലക്കുണ്ട്. 
 

Follow Us:
Download App:
  • android
  • ios