ശബരിമല: ഗാനഗന്ധര്‍വ്വന്‍ കെ.ജെ.യേശുദാസും ഭാര്യ പ്രഭാ യേശുദാസും ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തി. ഉച്ച പൂജക്ക് മുന്‍പാണ് ഇരുവരും ശബരിമല സന്നിധാനത്ത് എത്തിയത്. കറുപ്പ് വസ്‌ത്രംധരിച്ച് ഇരുമുടി ശിരസ്സിലേറ്റി പതിനെട്ടാം പടി കയറി ശ്രി ധര്‍മ്മശാസ്താവിന് മുന്നിലെത്തി ഇരുവരും വണങ്ങി.

മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഇരുവര്‍ക്കും പ്രസാദം നല്‍കി. ശബരിമല സന്നിധാനത്തെ പ്രധാന വഴിപാടായ കളാഭാഭിഷേകം തൊഴുതു. വൈകിട്ട് നട തുറന്നപ്പോഴും ദര്‍ശനത്തിനായി ഇരുവരും എത്തിയിരുന്നു.

സന്നിധാനത്ത് വച്ച് ഹരിവരാസനം അവാര്‍ഡ് സ്വികരിച്ചതിനുശേഷം കെ ജെ യേശുദാസ് മുടങ്ങാതെ ദര്‍ശനത്തിന് എത്താറുണ്ട്. പ്രഭാ യേശുദാസ് ഇത് ആദ്യമായിട്ടാണ് ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തുന്നത്. പടി പൂ‍ജ കഴിഞ്ഞ് ഹരിവരാസനം ചൊല്ലി നടയടച്ചശേഷം ഇരുവരും മലയിറങ്ങും.