തിരുവനന്തപുരം: യേശുദാസിന്റെ ശ്രീപത്മനാഭ സ്വാമിക്ഷേത്ര പ്രവേശനത്തെ അനുകൂലിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിശ്വാസികള്‍ക്ക് എല്ലാം ആരാധനക്ക് അവസരമുണ്ടാകണമെന്ന് കടകംപള്ളി സുരേന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അനുമതി തേടിയുള്ള യേശുദാസിന്റെ അപേക്ഷയില്‍ ഇന്ന് വൈകീട്ട് ചേരുന്ന ക്ഷേത്രം ഭരണസമിതി യോഗം തീരുമാനമെടുക്കും

ശ്രീ പത്മനാഭ ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് യേശുദാസ് ക്ഷേത്രം ഭരണസമിതിക്ക് കത്ത് നല്‍കിയത്. ക്ഷേത്രഭരണസമിതി തീരുമാനം എടുക്കാനിരിക്കെയാണ് ദേവസ്വം മന്ത്രി അനുകൂല നിലപാട് എടുത്തത്. നിലവിലെ ക്ഷേത്രാചരങ്ങള്‍ അനുസരിച്ചാണെങ്കില്‍ യേശുദാസിന്റെ ആവശ്യം അംഗീകരിക്കാനാണ് സാധ്യത.

ക്ഷേത്ര പ്രവേശന വിളംബരം അനുസരിച്ച് ഹിന്ദു ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിക്കുന്നവര്‍ക്ക് ക്ഷേത്ര പ്രവേശനം ആകാം. ഇക്കാര്യം സൂചിപ്പിച്ചാണ് യേശുദാസ് കത്ത് നല്‍കിയത്. ക്ഷേത്രം ഭരണസമിതിയോഗത്തില്‍ തന്ത്രിമാരും പങ്കെടുക്കുന്നുണ്ട്.