ന്യൂഡൽഹി: ​എ ബി വി പി പ്രവർത്തകരുടെ ബലാൽസംഗ ഭീഷണിക്കും ബിജെപി നേതാക്കളുടെയും ക്രിക്കറ്റ് താരം വീരേന്ദ്ര സെവാഗിന്‍റെയും പരിഹാസങ്ങള്‍ക്കും പിന്നാലെ കാര്‍ഗില്‍ രക്തസാക്ഷിയുടെ മകൾ ഗുര്‍മെഹർ കൗറി​നെ പരിഹസിച്ച്​ ഗുസ്​തി താരവും ഒളിമ്പിക്​ മെഡൽ ജേതാവുമായ യോഗേശ്വർ ദത്തും രംഗത്ത്​​.

ട്വിറ്ററിലൂടെയാണ് യോഗേശ്വറ്‍ മെഹറിനെ പരിഹസിക്കുന്നത്. ‘എന്‍െറ പിതാവിനെ കൊന്നത് പാകിസ്താനല്ല, യുദ്ധമാണ്’, ‘ഞാന്‍ യുദ്ധംചെയ്യുന്നത് ഇന്ത്യക്കും പാകിസ്താനും ഇടയില്‍ സമാധാനം വരാനാണ്’ എന്ന ഫേസ്ബുക്  പോസ്റ്റിനെതിരെ ഹിറ്റ്​ലറിന്‍റെയും ബിൻലാദന്‍റെയും ചിത്രം ഉൾപ്പെടുത്തിയ ട്രോളുമായാണ്​ യോഗേശ്വറി​ന്‍റെ ട്വീറ്റ്​​. താൻ ജനങ്ങളെ കൊന്നിട്ടില്ല ബോംബാണ്​ കൊന്നതെന്ന്​ ബിൻലാദനും താൻ ജൂതൻമാരെ കൊന്നിട്ടില്ല ഗ്യാസ്​ ചേംബറാണ്​ കൊന്നതെന്ന്​ ഹിറ്റ്​ലറും പറയുന്നതായാണ്​ ട്രോൾ.

കേന്ദ്രമന്ത്രി കിരണ്‍ റിജിജു, ബി.ജെ.പി എം പി പ്രതാപ് സിന്‍ഹ, ബോളിവുഡ് നടന്‍ രണ്‍ദീപ് ഹൂഡ എന്നിവർ ഗുർമെഹറിനെതിരെ പ്രതികരിച്ചതിന്​ പിന്നാലെ കഴിഞ്ഞ ദിവസം മുൻ ക്രിക്കറ്റ്​ താരം സേവാഗും​ പെൺകുട്ടിയെ പരിഹസിച്ചിരുന്നു.

സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ സാമൂഹമാധ്യമങ്ങളില്‍ നടത്തുന്ന പ്രചാരണം സെവാഗും ഏറ്റെടുക്കുകയായിരുന്നു. ഇതിനെതിരെ സാമൂഹമാധ്യമങ്ങളില്‍ സേവാഗ്​ രൂക്ഷവിമര്‍ശനവും ഏറ്റുവാങ്ങുകയും ​ചെയ്​തു.

കിരൺ റിജുജുവിനെതിരെ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി രംഗത്തു വന്നിരുന്നു. ഡല്‍ഹി രാംജാസ് കോളജില്‍ എബിവിപി പ്രവര്‍ത്തര്‍ നടത്തിയ അക്രമത്തിന് പിന്നാലെയുണ്ടായ വിവാദങ്ങളാണ് യെച്ചൂരിയുടെ ട്വീറ്റിനു പിന്നില്‍. കോളജിലെ സെമിനാര്‍ സമ്മര്‍ദ്ദത്തിലൂടെ റദ്ദാക്കുകയും പിന്നീട് വിദ്യാര്‍ഥികളെ ആക്രമിക്കുകയായിരുന്നുവെന്നും യെച്ചൂരി പറഞ്ഞു. നിയമം നടപ്പിലാക്കുമെന്ന് ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്തിട്ടാണ് മന്ത്രി അധികാരത്തിലെത്തിയത്. എന്നാല്‍ ഗുല്‍മെഹര്‍ കൗറിനെ ആക്രമിക്കുന്നവര്‍ക്കൊപ്പമാണ് അദ്ദേഹമെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു

 ഡല്‍ഹി രാംജാസ് കോളജ് ആക്രമണവുമായി ബന്ധപ്പെട്ട് ഓൺലൈൻ കാമ്പയിൻ നടത്തിയതിനെ തുടർന്നാണ്​ പെൺകുട്ടിക്കെതിരെ എബിവിപി രംഗത്തെത്തിയത്​. ബലാൽസംഗ ഭീഷണിയിൽ ഡൽഹി പൊലീസ്​ എഫ്​​ ഐ ആർ രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​.