നിയമസഭാ മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തിന്റെ സമീപത്തിരുന്ന് മറ്റ് മന്ത്രിമാര്‍ക്കും ബിഹാര്‍ ഗവര്‍ണര്‍ക്കുമൊപ്പമിരുന്ന് സംസാരിക്കുന്നതിനിടെയാണ് യോഗി ആദിത്യനാഥ് പൊട്ടിച്ചിരിച്ചത്. ദൃശ്യങ്ങള്‍ പരസ്യമായതോടെ യോഗിക്കും ബിജെപിക്കുമെതിരെ കടുത്ത വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും രംഗത്തെത്തിയിട്ടുണ്ട് 

ലക്‌നൗ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന എന്‍.ഡി തിവാരിയുടെ മൃതദേഹത്തിന് അരികിലിരുന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊട്ടിച്ചിരിച്ച സംഭവത്തില്‍ ഉത്തരം മുട്ടി ബിജെപി. സംഭവം വീഡിയോ സഹിതം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെയാണ് മറുപടി പറയാനാകാതെ ബിജെപി വെട്ടിലായിരിക്കുന്നത്. 

നിയമസഭാ മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തിന്റെ സമീപത്തിരുന്ന് മറ്റ് മന്ത്രിമാര്‍ക്കും ബിഹാര്‍ ഗവര്‍ണര്‍ക്കുമൊപ്പമിരുന്ന് സംസാരിക്കുന്നതിനിടെയാണ് യോഗി ആദിത്യനാഥ് പൊട്ടിച്ചിരിച്ചത്. ബീഹാര്‍ ഗവര്‍ണര്‍ ലാല്‍ജി ടന്‍ഡര്‍, യു.പി മന്ത്രിമാരായ മൊഹ്‌സിന്‍ റാസ, അശുതോഷ് ടന്‍ഡര്‍ തുടങ്ങിയവരുമായി യോഗി ആദിത്യനാഥ് ചര്‍ച്ച നടത്തുന്നതും തുടര്‍ന്ന് പൊട്ടിച്ചിരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

Scroll to load tweet…

ദൃശ്യങ്ങള്‍ പരസ്യമായതോടെ യോഗിക്കും ബിജെപിക്കുമെതിരെ കടുത്ത വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും രംഗത്തെത്തിയിട്ടുണ്ട്. മരണം പോലുള്ള സാഹചര്യങ്ങള്‍ ബിജെപിയുടെ ഫോട്ടോസെഷനുള്ള സ്ഥലമല്ലെന്നും യോഗിയുടെത് വിവേകമില്ലാത്ത പെരുമാറ്റമായിപ്പോയെന്നും കോണ്‍ഗ്രസ് വക്താവ് സിഷാന്‍ ഹൗദര്‍ പറഞ്ഞു. 

സംഭവത്തില്‍ യോഗിയോട് വിശദീകരണം ആവശ്യപ്പെടണമെന്നും തിവാരിയുടെ കുടുംബത്തോട് മാപ്പ് പറയണമെന്നും സമാജ്‌വാദി പാര്‍ട്ടി നേതാവ് അനുരാഗ് ഭദോരിയ ആവശ്യപ്പെട്ടു. എന്നാല്‍ സംഭവത്തില്‍ ഇതുവരെ ബിജെപി നേതാക്കളോ യോഗി ആദിത്യനാഥോ വിശദീകരണം നല്‍കിയിട്ടില്ല. 

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദില്ലിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് എന്‍.ഡി തിവാരി മരിച്ചത്. കേന്ദ്രമന്ത്രി സ്ഥാനത്തിന് പുറമെ മൂന്ന് തവണ ഉത്തര്‍പ്രദേശിലും ഒരു തവണ ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിയായിരുന്നു ഇദ്ദേഹം.