രാഹുലിനെ വിമർശിച്ച് യോ​ഗി ആദിത്യനാഥ് എന്നെ കെട്ടിപ്പിടിക്കാൻ പത്ത് തവണയെങ്കിലും ആലോചിക്കും രാഹുലിന് വിവേകമില്ല

ഉത്തർപ്രദേശ്: പ്രധാനമന്ത്രി ന​രേന്ദ്രമോദിയെ രാഹുൽ ​ഗാന്ധി കെട്ടിപ്പിടിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. തന്നെയാണ് രാഹുൽ ആലിം​ഗനം ചെയ്യാൻ ഉദ്ദേശിച്ചതെങ്കിൽ പത്ത് തവണയെങ്കിലും ആലോചിക്കുമെന്നാണ് ആദിത്യനാഥിന്റെ പ്രതികരണം. ഇത്തരം അടവുകൾ രാഷ്ട്രീയത്തിൽ പ്രയോ​ഗിക്കുന്നത് അം​ഗീകരിക്കാൻ കഴിയില്ലെന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തു. 

രാഹുല്‍ ഗാന്ധിയുടെ പെരുമാറ്റം ബാലിശമായിപ്പോയി. വിവേകമോ സ്വന്തമായി തീരുമാനമെടുക്കാനുള്ള കഴിവോ രാഹുലിന് ഇല്ല. വിവേകമുണ്ടായിരുന്നെങ്കിൽ ഇത്തരം പ്രവർത്തിക്ക് മുതിരില്ല. യോഗി ആദിത്യനാഥ് വിമര്‍ശിച്ചു. ലോക്‌സഭയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ നടന്ന അവിശ്വാസപ്രമേയ പ്രസംഗത്തിനിടെയാണ് രാഹുല്‍ ഗാന്ധി മോദിയെ ആശ്ലേഷിച്ചത്. രാഹുലിന്റെ അപ്രതീക്ഷിത നീക്കത്തില്‍ ആദ്യം പകച്ച പ്രധാനമന്ത്രി രാഹുലിനെ തിരികെ വിളിച്ച് ഹസ്തദാനം ചെയ്യുകയും ചിരിക്കുകയുമാണ് ഉണ്ടായത്.

പാര്‍ട്ടിക്കുള്ളില്‍ രാഹുലിന്റെ ആലിംഗനം ചര്‍ച്ചയായിരുന്നു. കോൺ​ഗ്രസിന്റെ പാത സ്നേഹമാണെന്നും വെറുപ്പിലൂടെയല്ല തങ്ങൾ ജയിക്കാനുദ്ദേശിക്കുന്നതെന്നും കോൺ​ഗ്രസ് നേതാക്കൾ പറയുന്നു. ആലിംഗന ചിത്രം പോസ്റ്ററടിച്ച് കോണ്‍ഗ്രസ് ബിജെപിക്കെതിരെ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. രാഹുലിന്റെ ആലിം​ഗനം കണ്ട് ആദ്യം ചിരിച്ച ബിജെപിക്കാർ പിന്നീട് പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു. ആദ്യം കൈ കൊടുത്ത് ചിരിച്ച മോദിയും അനാവശ്യ ആലിം​ഗനം എന്നാണ് പിന്നീടതിനെ വിശേഷിപ്പിച്ചത്.