അഴിമതിക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച, നിയുക്ത ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മന്ത്രിമാരോട് സ്വത്ത് വിവരം പരസ്യപ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്‌തിരുന്നു. യോഗി ആദിത്യനാഥിന് എത്ര സ്വത്ത് ഉണ്ടെന്ന് ആര്‍ക്കെങ്കിലും അറിയാമോ? ഇപ്പോഴത്തെ കണക്ക് അറിയില്ലെങ്കിലും 2014ലെ കണക്ക് പറയാം. 2014 ലോകസഭാ തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചപ്പോള്‍ 72 ലക്ഷം രൂപയുടെ സ്വത്താണ് തനിക്കുള്ളതെന്ന് യോഗി ആദിത്യനാഥ് സത്യവാങ്മൂലം നല്‍കിയത്. ഇതില്‍ 30000 രൂപ കൈവശമുണ്ടെന്നും, ബാങ്ക് നിക്ഷേപമായി 33 ലക്ഷം രൂപയുണ്ടെന്നുമാണ് വെളിപ്പെടുത്തിയത്. ഇതുകൂടാതെ 36 ലക്ഷം രൂപ മൂല്യം വരുന്ന മൂന്നു കാറുകളും, 1.8 ലക്ഷം രൂപ വില വരുന്ന ഒരു റിവോള്‍വറും ഒരു റൈഫിളും 65000 രൂപയുടെ ആഭരണങ്ങളും കൈവശമുണ്ടെന്ന് യോഗി ആദിത്യനാഥ് വെളിപ്പെടുത്തിയിരുന്നു. 2004ല്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമ്പോള്‍ യോഗി ആദിത്യനാഥിന് ഒമ്പത് ലക്ഷത്തോളം രൂപയുടെ സ്വത്താണ് ഉണ്ടായിരുന്നത്. അതാണ് പത്തുവര്‍ഷംകൊണ്ട് 72 ലക്ഷമായി വര്‍ദ്ധിച്ചത്.