യോഗി തന്നെ പുറത്താക്കി,  മോദിക്ക് പരാതിയമായി എംഎല്‍എ

ദില്ലി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പരാതിയുമായി ബിജെപി എംപി. ഛോട്ടെ ലാല്‍ ഖാര്‍വാര്‍ എന്ന ദലിത് എംപിയാണ് പരാതിയുമായി എത്തിയത്. താന്‍ രണ്ട് വട്ടം അദ്ദേഹത്തെ കാണാന്‍ ശ്രമിച്ചെന്നും എന്നാല്‍ അസഭ്യം പറഞ്ഞ് പുറത്താക്കുകയായിരുന്നെന്നും അദ്ദേഹം പരാതിയില്‍ പറയുന്നു.

ഛോട്ടെ ലാല്‍ ഉത്തര്‍പ്രദേശിലെ റോബേര്‍ട്സ്ഗഞ്ച് മണ്ഡലത്തിലെ എംപിയാണ്. രാജ്യത്തുടനീളം ദലിത് പ്രക്ഷോഭം ഉയര്‍ന്ന സാഹചര്യത്തില്‍ പരാതിയുമായി ബിജെപിയുടെ തന്നെ ദലിത് എംപി എത്തിയത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. 

താന്‍ വിവേചനം നേരിടുന്നതായും തന്‍റെ പരാതികള്‍ സ്വന്തം പാര്‍ട്ടി പോലും പരിഗണിക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നു. പ്രധാനമന്ത്രിക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ മഹേന്ദ്ര പാണ്ടെ, മുതിര്‍ന്ന നേതാവ് സുനില്‍ ബന്‍സാല്‍ എന്നിവര്‍ക്കും പരാതിയുടെ പകര്‍പ്പ് അയച്ചിട്ടുണ്ട്.

ഇതിനോടൊപ്പം എസ്സിഎസ്ടി കമ്മീഷനും പരാതിയുടെ പകര്‍പ്പയച്ചിട്ടുണ്ട്. തനിക്ക് പാര്‍ട്ടിയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും നീതി ലഭിക്കുന്നില്ലെന്ന് കാണിച്ചാണ് എസ്സി എസ്ടി കമ്മീഷനും പരാതി നല്‍കുന്നതെന്നും ഛോട്ടെ ലാല്‍ പറയുന്നു.