ഗോരഖ്പൂരില്‍ കുട്ടികളുടെ മരണം ഓക്‌സിജന്‍ ഇല്ലാത്തതിനാലല്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മാധ്യമങ്ങള്‍ക്ക് പരിശോധന നടത്തി ഇക്കാര്യം ഉറപ്പുവരുത്താമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. അതിനിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ നവജാത ശിശുക്കളക്കം ഏഴ് കുട്ടികളാണ് ഗൊരഖ്പൂര്‍ ആശുപത്രിയില്‍ മരിച്ചത്. ഒരാഴ്ച്ചയ്‌ക്കിടെ മരിച്ചവരുടെ എണ്ണം ഇതോടെ 71 ആയി. മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദയും ആശുപത്രിയിലെത്തി രോഗികളെ സന്ദര്‍ശിച്ചു. പ്രധാനമന്ത്രിക്ക് സംഭവത്തില്‍ ആശങ്കയുണ്ടെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

പിഞ്ചു കുഞ്ഞുങ്ങളുടെ നിലവിളികള്‍ മാത്രമാണ് ഗോരഖ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് കേള്‍ക്കുന്നത്. ചികിത്സക്ക് മറ്റ് വഴികളില്ലാതെ ഗൊരഖ്പൂര്‍ മെഡിക്കല്‍ കോളേജില്‍ അഭയം തേടിയിരിക്കുന്ന കുട്ടികള്‍ക്കൊപ്പം നിസ്സഹരായിരിക്കുകയാണ് ബന്ധുക്കള്‍. ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി നവജാത ശിശുക്കള്‍ ഉള്‍പ്പെടെ കൂടുതല്‍ കുട്ടികള്‍ മരിച്ചതോടെയാണ് ഗോരഖ്പൂരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളേജില്‍ മരിച്ചവരുടെ എണ്ണം ഉയര്‍ന്നത്. 11 കുട്ടികള്‍ മാത്രമാണ് മരിച്ചതെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ആശുപത്രി അധികൃതരും സര്‍ക്കാരും.

ദുരന്തത്തിന് ശേഷം ആദ്യമായി ആശുപത്രി സന്ദര്‍ശിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥിതിഗതികള്‍ വിലയിരുത്തി. കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദയും വിദഗ്ദ്ധ മെഡിക്കല്‍ സംഘവും ഒപ്പമുണ്ടായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയക്കാതെയാണ് വീട്ടുകാര്‍ക്ക് വിട്ടുനല്‍കുന്നത്. ആരോഗ്യ കാരണങ്ങളാല്‍ മരിക്കുന്നതിനാല്‍ ദുരൂഹതയില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കാത്തതിലും പ്രതിഷേധം ശക്തമാണ്. മസ്തിഷ്ക ജ്വര ചികില്‍സയില്‍ പേര് കേട്ടതാണ്, യോഗി ആദ്വത്യനാഥ് മാതൃകാ ആശുപത്രിയായി ഉയര്‍ത്തികൊണ്ടു വന്ന ബി.ആര്‍.ഡി മെഡിക്കല്‍ കോളജ്.