ജാനിയുടെ ജീവിതം ശാസ്ത്രലോകത്തിന് പോലും അത്ഭുതം  ജീവിതരഹസ്യം  ​യോ​ഗയും ധ്യാനവുമാണെന്ന് ജാനി

മെഹ്‌സാനാ: ഒരു മനുഷ്യന് ആ​ഹാരവും വെള്ളവുമില്ലാതെ ജീവിക്കാനാകുമോ. ഈ സംശയം ഇപ്പോഴും പലരിലുമുണ്ട്. എൺപത്തിയെട്ടുകാരനായ യോഗി പ്രഹ്‌ളാദ് ജാനി പറയുന്നത് ഒരു മനുഷ്യന് ജീവിക്കാൻ വെള്ളവും ഭക്ഷണവും വേണമെന്നില്ല എന്നതാണ്. 70 വര്‍ഷമായി വെള്ളവും ആഹാരവുമില്ലാതെ ജീവിക്കുകയാണ് ഇദ്ദേഹമെന്ന് നാട്ടുകാർ പറയുന്നു. ചിലർ ഇദ്ദേഹത്തെ ശ്വാസജീവി എന്നാണ് വിളിക്കുന്നത്. ഗുജറാത്തിലെ മെഹ്‌സാനയിലെ ചാരോഡ് ഗ്രാമത്തിലാണ് ഇദ്ദേഹം താമസിക്കുന്നത്. 

ചുവന്ന വസ്ത്രം മാത്രം ധരിച്ചേ ഇദ്ദേഹത്തെ കണ്ടിട്ടുള്ളൂവെന്ന് നാട്ടുകാർ‌ പറയുന്നു. ഇദ്ദേഹത്തെ മാതാജിയെന്നും ചിലർ വിളിക്കാറുണ്ട്. ഇദ്ദേഹത്തിന്റെ ജീവിതം ലോക ശാസ്ത്രജ്ഞര്‍ക്ക് പോലും അത്ഭുതമാണ്. വ്യത്യസ്തമായ ജീവിതം കൊണ്ട് തന്നെ ഒട്ടേറെ തവണ ഇദ്ദേഹം പരിശോധനകള്‍ക്കും പരീക്ഷണങ്ങള്‍ക്കും വിധേയനായിട്ടുണ്ട്. ഇന്ത്യയുടെ മുൻ പ്രസിഡന്റ് എപിജെ അബ്ദുള്‍ കലാം ഉള്‍പ്പെടെയുള്ളവര്‍ ഇദ്ദേഹത്തില്‍ പഠനം നടത്തിയിട്ടുണ്ട്.ആശ്രമത്തിലെ ചെടികളെക്കുറിച്ചും പഠനം നടന്നിരുന്നു. എന്നിട്ടും ശാസ്ത്രലോകത്തിന് ജാനിയുടെ ജീവിതത്തെ കുറിച്ച് വിശധീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. 

ഡിഫന്‍സ് റിസര്‍ച്ച്‌ ആന്റ് ഡവലപ്‌മെന്റ ഓര്‍ഗനൈസേഷന്‍, ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിയോളജി എന്നിവര്‍ ചേര്‍ന്ന് 2010 ല്‍ പ്രഹ്‌ളാദ് ജാനിയില്‍ ഒരു നിരീക്ഷണ പഠനം നടത്തിയിരുന്നു. 15 ദിവസം ക്യാമറയില്‍ നിരീക്ഷണം നടത്തി.അതിന് ശേഷം എംആര്‍ഐ, അള്‍ട്രാസൗണ്ട്, എക്‌സ്‌റേ സൂര്യന് കീഴെ നിര്‍ത്തുക തുടങ്ങി പല പരീക്ഷണങ്ങളും നടത്തി. എല്ലാം ക്യാമറയിലൂടെ നിരീക്ഷിച്ചു കൊണ്ടിരുന്നു. ഇതിനിടയില്‍ പീരിയോഡിക് ക്‌ളിനിക്കല്‍, ബയോ കെമിക്കല്‍, റേഡിയോളജിക്കല്‍ തുടങ്ങി കഴിയാവുന്ന എല്ലാ പരിശോധനകള്‍ നടത്തുകയും ചെയ്തു.

എന്നാൽ ഈ പരിശോധനകളെല്ലാം വെറുതെയായി എന്ന് വേണം പറയാൻ. യോഗയിലൂടെയും ധ്യാനത്തിലൂടെയുമാണ് ജാനി ഊര്‍ജ്ജം സംഭരിക്കുന്നത്. അംബാ ദേവിയുടെ കടുത്ത ഭക്തനാണ് അദ്ദേഹം.പ്രശ്നപരിഹാരത്തിനായി നിരവധി പേരാണ് ജാനിയെ തേടി വിവിധയിടങ്ങളിൽ നിന്നും എത്തുന്നത്. തന്നെ കാണാൻ വരുന്നവരോട് ജാനി ഫീസ് ചോദിക്കാറില്ല. ജാനിയുടെ അനു​ഗ്രഹം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം രാഷ്ട്രീയത്തിലെ മറ്റ് പ്രമുഖരും എത്താറുണ്ട്.