സംഭവത്തെ കുറിച്ച് ആദം സാലിഹ് പോസ്റ്റ് ചെയ്ത വീഡിയോ വെറലായി. അറബിയില്‍ താന്‍ സംസാരിച്ചതിനിടെ ഒരു സഹയാത്രിക അസ്വസ്ഥത ഉള്ളതായി പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്ന് വീഡിയോയില്‍ പറയുന്നു. ആദം സാലിഹിനെയും സുഹൃത്തിനെയുമാണ് ഇറക്കി വിട്ടത്. 

സഹ യാത്രക്കാര്‍ക്ക് അലോസരമുണ്ടാക്കിയ രണ്ടു പേരെ വിമാനത്തില്‍നിന്ന് ഇറക്കി വിട്ടതായും ഇക്കാര്യം കൂടുതല്‍ അന്വേഷിക്കുമെന്നും ഡെല്‍റ്റ എയര്‍ലൈന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. 

ഹീത്രൂ വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം. താന്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ ഒരു യാത്രക്കാരി തനിക്ക് അലോസരമുണ്ടായി എന്ന് ഉച്ചത്തില്‍ പറഞ്ഞ് ഉച്ചത്തില്‍ ബഹളമുണ്ടാക്കിയതായി ആദം സാലിഹ് പറഞ്ഞു. തുടര്‍ന്ന് ക്യാപ്റ്റനെത്തി വിമാനത്തില്‍നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. സംഭവം താന്‍ വീഡിയോയില്‍ പകര്‍ത്തിയെന്നും ആദം സാലിഹ് ബിബിസിയോട് പറഞ്ഞു. 

സംഭവത്തിന്റെ വീഡിയോ ഫേസ്ബുക്കിലും ട്വിറ്ററിലും ഉടന്‍ തന്നെ വൈറലായി. മൂന്ന് മണിക്കൂറിനകം 1.2 ലക്ഷം പേര്‍ ഈ വീഡിയോ കണ്ടു. ഇതിനെ തുടര്‍ന്ന്   #BoycottDelta എന്ന ഹാഷ്ടാഗില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. വ്യത്യസ്തമായ വീഡിയോകളിലൂടെ യൂ ട്യൂബില്‍ താരമായ ആദം സാലിഹ് സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള സെലബ്രിറ്റിയാണ്.