ദില്ലി നിസാമുദ്ദീന്‍ പാലത്തിന് സമീപത്തായിരുന്നു സംഭവം. യമുനാ തീരത്തെ ഗാസ്പൂര്‍ കോളനിയില്‍ താമസിക്കുന്ന രേഷ്മ എന്ന 21കാരിക്കാണ് വഴിവക്കില്‍ പ്രസവിക്കേണ്ടി വന്നത്. പ്രസവ വേദനയെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് ഭര്‍ത്താവ് രവിക്കൊപ്പം ആശുപത്രിയിലേക്ക് തിരിച്ചത്. മറ്റ് വാഹനങ്ങളൊന്നും എത്താത്ത കോളനിയില്‍ നിന്ന് റിക്ഷയില്‍ ഭാര്യയെ ഇരുത്തി, തൊട്ടടുത്ത ദേശീയപാതയിലെത്തിച്ചു. ആംബുലന്‍സോ ടാക്സിയോ വിളിക്കാന്‍ കൈയ്യില്‍ പണമില്ലാത്തതിനാല്‍ ഒരു ഓട്ടോറിക്ഷ വിളിക്കാനായിരുന്നു പദ്ധതി. വഴി വക്കില്‍ നിന്ന് ഏറെനേരം വാഹനങ്ങള്‍ക്ക് കൈകാണിച്ചെങ്കിലും ഒരാള്‍ പോലും സഹായിക്കാന്‍ മുതിര്‍ന്നില്ല.

അല്‍പം കഴിഞ്ഞപ്പോള്‍ തന്നെ വേദന സഹിക്കാനാവാതെ രേഷ്മ നിലവിളിക്കാന്‍ തുടങ്ങി. ഭാര്യയെ റിക്ഷയിലിരുത്തി രവി, അതുവഴി വന്ന എല്ലാ വാഹനങ്ങള്‍ക്കും കൈകാണിച്ച് സഹായം തേടി. ആരും വാഹനം നിര്‍ത്തിയില്ല. വഴിവക്കില്‍ ഒരു സ്ത്രീ ഇരുന്ന നിലവിളിക്കുന്നെന്ന് ഏതോ ഒരു വാഹനത്തിലുണ്ടായിരുന്നയാള്‍ തൊട്ടടുത്ത ജഗ്ഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസുകാരനെ അറിയിച്ചു. പൊലീസുകാരന്‍ സ്ഥലത്തെത്തിയപ്പോഴേക്കും രേഷ്മ പ്രസവിച്ചിരുന്നു. പൊലീസുകാരന്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചതനുസരിച്ച് പൊലീസ് വാഹനവും ആംബുലന്‍സും എത്തി. എന്നാല്‍ പ്രസവം കഴിഞ്ഞ് അമ്മയും കുഞ്ഞും സുഖമായിരിക്കുകയാണെന്ന് പറഞ്ഞ് ആശുപത്രിയില്‍ പോകാന്‍ രവി വിസമ്മതിച്ചു.

സ്ത്രീ നിലവിളിക്കുന്നുണ്ടായിരുന്നെങ്കിലും ആശുപത്രിയില്‍ പോകേണ്ടെന്ന് ഭര്‍ത്താവ് കടുംപിടുത്തം പിടിച്ചു. തുടര്‍ന്ന് ഇരുവരും വീട്ടിലേക്ക് മടങ്ങിയെങ്കിലും രണ്ട് മണിക്കൂറിന് ശേഷം കുഞ്ഞ് മരിച്ചു. സമയത്ത് വൈദ്യസഹായം ലഭ്യമാവാത്തതിനാലാണ് കുഞ്ഞ് മരിച്ചതെന്ന് അയല്‍വാസികള്‍ പരാതിപ്പെട്ടു.