ഹൈദരാബാദ്: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. തെലങ്കാനയിലാണ് സംഭവം. പ്രവല്ലിക (26) ആണ് കൊല്ലപ്പെട്ടത്. വി. ശ്രീനീവാസ രാജു (26) എന്ന യുവാവാണ് പ്രവല്ലികയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഇയാള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. കൊല്ലപ്പെട്ട പ്രവല്ലികയുടെ ബന്ധു കൂടിയാണ് ശ്രീനിവാസ് രാജു. 

അധ്യാപികയായിരുന്ന പ്രവല്ലികയെ വിവാഹം കഴിക്കാന്‍ ശ്രീനിവാസ് താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യം പറഞ്ഞ് ഇയാള്‍ പ്രവല്ലികയെ നിരന്തരം ശല്യം ചെയ്തിരുന്നു. മാസങ്ങളോളം പിന്നാലെ നടന്നിട്ടും പ്രവല്ലിക വഴങ്ങിയില്ല. ഇതിനിടെ മറ്റൊരു യുവാവുമായി പ്രവല്ലികയുടെ വിവാഹം നിശ്ചയിച്ചു. ഇതില്‍ മനംനൊന്ത് പ്രവല്ലിക ജോലി ചെയ്യുന്ന സ്‌കൂളിലെത്തി ഇവരെ കുത്തിക്കൊല്ലുകയായിരുന്നു.

ശനിയാഴ്ച വൈകുന്നേരം സ്‌കൂളില്‍ എത്തിയാണ് കൊലപാതകം നടത്തിയത്. പ്രവല്ലിക മരിക്കുന്നത് വരെ ഇയാള്‍ തുടര്‍ച്ചയായി കുത്തിയെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായിരുന്നയാള്‍ പറഞ്ഞു.

ഹൈദരാബാദില്‍ ഒരാഴ്ച മുമ്പ് സമാനമായ മറ്റൊരു കൊലപാതകം നടന്നിരുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് സന്ധ്യാ റാണി എന്ന യുവതിയാണ് ഒരാഴ്ച മുമ്പ് കൊല്ലപ്പെട്ടത്. മുന്‍ സഹപ്രവര്‍ത്തകനായ സായ് കാര്‍ത്തിക് എന്ന യുവാവാണ് സന്ധ്യാ റാണിയെ കൊലപ്പെടുത്തിയത്. സന്ധ്യാ റാണിക്ക് മേല്‍ പെട്രോളൊഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു.