ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി യുവതികള്‍ക്കും വിദ്യാർഥിനികള്‍ക്കും വീട്ടമ്മമാർക്കും അശ്ലീല സന്ദേശമയക്കുന്നതായിരുന്നു ഇയാളുടെ പതിവെന്ന് പൊലീസ്
കൊച്ചി: എറണാകുളം വടക്കന്‍ പറവൂരില്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി സ്ത്രീകളുടെ ചിത്രങ്ങള്‍ മോശമായി പ്രചരിപ്പിക്കുകയും, അശ്ലീല സന്ദേശങ്ങളയച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് പിടിയില്‍. ഇയാള്‍ക്കെതിരെ പ്രദേശത്തെ ആറു സ്ത്രീകളാണ് പൊലീസില്‍ പരാതി നല്‍കിയത്.
വടക്കന്‍ പറവൂർ പുത്തന്‍വേലിക്കര എളന്തിക്കര സ്വദേശി വിഷ്ണുവിനെയാണ് സൈബർ സെല്ലിന്‍റെ സഹായത്തോടെ പൊലീസ് പിടികൂടിയത്. ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി യുവതികള്‍ക്കും വിദ്യാർഥിനികള്‍ക്കും വീട്ടമ്മമാർക്കും അശ്ലീല സന്ദേശമയക്കുന്നതായിരുന്നു ഇയാളുടെ പതിവെന്ന് പൊലീസ് പറയുന്നു.
കൂടാതെ സ്ത്രീകളുടെ ചിത്രങ്ങള്‍ സമ്മതം കൂടാതെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തെന്നും പരാതിയിലുണ്ട്. എറണാകുളം ഇന്‍ഫോപാർക്ക് പൊലീസില്‍ ലഭിച്ച പരാതിയെതുടർന്നാണ് പുത്തന്‍വേലിക്കര പോലീസ് പ്രതിയെ അറസ്റ്റ് ചെയതത്. ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.
