ഇടുക്കി: ദേശീയ ഐസ് സ്‌കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നെടുങ്കണ്ടം സ്വദേശിയായ ആരാദ്യന്‍ നാലാം സ്ഥാനം കരസ്ഥമാക്കിയത് 27 സംസ്ഥാനങ്ങളില്‍ നിന്നുള്ള 54 താരങ്ങളെ പിന്തള്ളിയാണ്. വേഗതയും മനക്കരുത്തും ഒന്നിപ്പിച്ച് ഐസ് സ്‌കേറ്റിംഗില്‍ ഈ പ്രതിഭ ഉയരങ്ങള്‍ കീഴടക്കുകയാണ്. ഒളിംപിക്സ് സ്വര്‍ണ്ണം നേടുന്നതും ലിംബോ സ്‌കേറ്റിംഗില്‍ ലോക റിക്കാര്‍ഡും ലക്ഷ്യം വെയ്ക്കുന്ന ഈ കുരുന്നു പ്രതിഭ കാനഡയില്‍ പരിശീലനത്തിന് പോകുന്നതിനുള്ള തയ്യാറെടുപ്പിലാണ്.
ഡല്‍ഹിയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലെ മികച്ച പ്രകടനം തിരുവനന്തപുരത്ത് ആരംഭിയ്ക്കുന്ന ലുലുമാളിന്റെ ഉദ്ഘാടന ചടങ്ങിലേയ്ക്കുള്ള ക്ഷണം അടക്കമുള്ളനേട്ടങ്ങളാണ് ആരാദ്യന് സമ്മാനിച്ചത്. ഡല്‍ഹിയില്‍ കേരളത്തിനായി ഏറ്റവും മികച്ച പ്രകടനവും കാഴ്ചവെച്ചത് ആരാദ്യന്‍ തന്നെ. വേഗതയുടേയും മനകരുത്തിന്റെയും ഏകാഗ്രതയുടേയും മത്സരമാണ് സ്‌കേറ്റിംഗ്. സ്‌കേറ്റിംഗ് വിഭാഗത്തില്‍ ഏറ്റവും കഠിനമാണ് സ്പീഡ് ഐസ് സ്‌കേറ്റിംഗ്.
സ്‌കേറ്റിംഗ് രംഗത്തേയ്ക്ക് കടന്നുവരുന്ന പ്രതിഭകളില്‍ പലരും ശ്രദ്ധ പതിപ്പിക്കാന്‍ മടിയ്ക്കുന്ന ഇനമാണ് സ്പീഡ് ഐസ് സ്‌കേറ്റിംഗ്. ചക്ര ഷൂസില്‍ അത്ഭുതങ്ങള്‍ കാട്ടി തുടങ്ങിയ കാലം മുതല്‍ ആരാദ്യന്‍ ഐസ് സ്‌കേറ്റിംഗിലും ശ്രദ്ധ പതിപ്പിച്ചു. ദേശീയ തലത്തില്‍ ശ്രദ്ധേയമായ നിരവധി പ്രകടനങ്ങള്‍ ഈ ചെറുപ്രായത്തില്‍ നടത്താനും ഈ മിടുക്കനായി. ഐസ് സ്‌കേറ്റിംഗിനൊപ്പം അഭിനയ രംഗത്തും ഇടുക്കിയുടെ പ്രതീക്ഷയാവുകയാണ് ഈ താരം. നിരവധി സിനിമകളിലും വീഡിയോ ആല്‍ബങ്ങളും ശ്രദ്ധേയമായ വേഷം ചെയ്ത് അഭിനയ രംഗത്ത് ഈ കുരുന്ന് പ്രതിഭ സജീവമാണ്. നെടുങ്കണ്ടം എസ്ഡിഎ സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആരാദ്യന്‍ നെടുങ്കണ്ടം പെര്‍ഫക്ടീന ബ്യൂട്ടിപാര്‍ലര്‍ ഉടമ അനീഷിന്റെയും ശ്രീകലയുടേയും മകനാണ്.
