നഗരത്തിലെ ഒരു ഹോട്ടലില്‍ ജിം പരിശീലനത്തിനെത്തിയതായിരുന്നു മുഹമ്മദ് ദേവ്‍ജി. ഇതിനിടെയാണ് രണ്ട് വാഹനങ്ങളിലെത്തിയ അജ്ഞാതര്‍ മുഹമ്മദിന് നേരെ തോക്ക് ചൂണ്ടിയടുത്തത്

ടാൻസാനിയ: ആഫ്രിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനായ മുഹമ്മദ് ദേവ്‍ജിയെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി. ടാന്‍സാനിയയിലെ ദാറുസ്സലാമില്‍ വച്ചാണ് നാല്‍പത്തിമൂന്നുകാരനായ മുഹമ്മദിനെ വാഹനത്തിലെത്തിയ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം തട്ടിക്കൊണ്ടുപോയത്. 

നഗരത്തിലെ ഒരു ഹോട്ടലില്‍ ജിം പരിശീലനത്തിനെത്തിയതായിരുന്നു മുഹമ്മദ് ദേവ്‍ജി. ഇതിനിടെയാണ് രണ്ട് വാഹനങ്ങളിലെത്തിയ അജ്ഞാതര്‍ മുഹമ്മദിന് നേരെ തോക്ക് ചൂണ്ടിയടുത്തത്. സംഭവത്തില്‍ ദാറുസ്സലാം പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ടാന്‍സാനിയയില്‍ ജനിച്ച മുഹമ്മദ് പഠനം പൂര്‍ത്തിയാക്കിയത് അമേരിക്കയില്‍ വച്ചായിരുന്നു. ഫോര്‍ബ്സ് മാഗസിന്‍റെ കണക്ക് പ്രകാരം ആഫ്രിക്കയിലെ പതിനേഴാമത് കോടീശ്വരനാണ് മുഹമ്മദ്. ഈ ലിസ്റ്റിലെ ഏറ്റവും പ്രായം കുറഞ്ഞയാളും മുഹമ്മദാണ്. 

10 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന 'മീ ടി.എല്‍' എന്ന കമ്പനിയുടെ തലവനാണ് മുഹമ്മദ്. 2005 മുതല്‍ 2015 വരെ പാര്‍ലമെന്‍റ് അംഗമായും സേവനമനുഷ്ഠിച്ചിരുന്നു.