ഡൗണ്‍ലോഡ് ചെയ്ത ടിക്കറ്റ്, കംപ്യൂട്ടർ സഹായത്തോടെ തിരുത്തി നല്‍കിയാണ് ഇയാള്‍ ആളുകളെ പറ്റിച്ചിരുന്നത്.
ചെന്നൈ: വ്യാജ ട്രെയിൻ ടിക്കറ്റ് നിർമിച്ച് യാത്രക്കാരെ പറ്റിച്ചയാളെ ചെന്നൈയില് പിടികൂടി. ബംഗാള് സ്വദേശി സുനില് ബർമനെയാണ് ചെന്നൈ ആർ.പി.എഫിലെ ക്രൈം ഇൻറലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തത്.
ഇന്ത്യൻ റെയില്വേയുടെ വെബ്സൈറ്റില് നിന്നും ഡൗണ്ലോഡ് ചെയ്ത ടിക്കറ്റ്, കംപ്യൂട്ടർ സഹായത്തോടെ തിരുത്തി നല്കിയാണ് ഇയാള് ആളുകളെ പറ്റിച്ചിരുന്നത്. യഥാർത്ഥ ടിക്കറ്റിലെ യാത്രക്കാരന്റെ പേരും യാത്രചെയ്യേണ്ട സ്ഥലവും പി.എൻ.ആർ നമ്പറും തീയതിയുമെല്ലാം തിരുത്തും. പിന്നീട് ഈ വ്യാജടിക്കറ്റ് ആവശ്യക്കാരന് നല്കി, അയാളില് നിന്നും ഇരട്ടിയിലധികം തുകയും വാങ്ങിക്കും. അത്യാവശ്യത്തിന് ടിക്കറ്റ് ലഭിക്കാതെ വലഞ്ഞ ആളുകളാണ് ഇയാളുടെ വലയില് വീണിട്ടുള്ളത്.
ട്രെയിനില് കയറുമ്പോഴാകും ടിക്കറ്റ് വ്യാജമാണെന്ന് യാത്രക്കാരൻ മനസിലാവുക. ചെന്നൈ, ബംഗളുരു, കൊല്ക്കത്ത, ദില്ലി എന്നിവിടങ്ങളിലെല്ലാം ഇയാള് ഇത്തരത്തില് തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് ആർ.പി.എഫ് പറയുന്നു. തട്ടിപ്പ് നടത്തിയ ശേഷം ഇയാള് ഉടൻ വേറെ ഏതെങ്കിലും സ്ഥലത്തേക്ക് പോയി ആഡംബര ഹോട്ടലുകളില് താമസിക്കുകയാണ് ഇയാളുടെ പതിവ്. ചെന്നൈ സെൻട്രല് റെയില് വേസ്റ്റേഷനില് നിന്നാണ് ഇയാളെ പിടികൂടിയത്. കോടതിയില് ഹാജരാക്കിയ സുനില് ബർമനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
