ദുബായില്‍ മാന്യമായ ജോലി നല്‍കാമെന്ന് പറഞ്ഞാണ് മുഹമ്മദ് സിയാഖ് രണ്ടാനമ്മയുടെ മകളെ യു.എ.ഇയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. അല്‍ ഐനില്‍ എത്തിച്ച് ശേഷം യുവതിയെ സഹോദരന്‍ ഒരു മുറിയില്‍ കൊണ്ടുപോയി. അവിടെ 25 ദിവസത്തോളം തടവില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. സെക്‌സ് റാക്കറ്റിന് കൈമാറാനായിരുന്നു തന്റെ 35 കാരിയായ ചേച്ചിയെ ഇയാള്‍ കടത്തികൊണ്ടുപോയത്. എന്നാല്‍ റാക്കറ്റിന് കൈമാറും മുമ്പ് യുവതി മുറിയില്‍ നിന്ന് രക്ഷപ്പെട്ടു. 

അയല്‍വീട്ടുകാരുടെ സഹായം തേടിയാണ് യുവതി രക്ഷപ്പെട്ടത്. തുടര്‍ന്ന് മലയാളികളടക്കം ചിലരുടെ സഹായത്തോടെ നാട്ടില്‍ തിരിച്ചെത്തി. തുടര്‍ന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ സഹോദരന്‍ തന്നെ പീഡിപ്പിച്ചതായി മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം വിദേശത്ത് നിന്നെത്തിയ പ്രതി സിയാഖിനെ വളാഞ്ചേരി പോലീസ് പിടികൂടിയത്. തുടര്‍ന്ന് തിരൂര്‍കോടതിയില്‍ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.