രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഓടിച്ചിട്ടു പിടിച്ചു മോഷണദൃശ്യങ്ങള്‍ ക്ഷേത്രത്തിനകത്തെ സിസിടിവി ക്യാമറയില്‍
കണ്ണൂര്: കണ്ണൂരിൽ ക്ഷേത്ര ഭണ്ഡാരങ്ങളിൽ കവർച്ച നടത്തിയ മോഷ്ടാവിനെ പൊലീസ് ഓടിച്ചിട്ട് പിടിച്ചു. പയ്യന്നൂര് വെള്ളൂരിലും എടാട്ടും ക്ഷേത്ര ഭണ്ഡാരങ്ങള് കവര്ന്ന കേസില് കോറോം കാനായി സ്വദേശിയായ സുരേഷ് ബാബുവിനെയാണ് പയ്യന്നൂരില് നിന്നും പിടികൂടിയത്. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന് ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു. സമാനമായ കേസിൽ ജയില് ശിക്ഷ കഴിഞ്ഞ് ഏപ്രില് മൂന്നിനാണ് ബാബു പുറത്തിറങ്ങിയത്.
ഏപ്രില് ഇരുപതിന് രാത്രി വെള്ളൂര് കുടക്കത്ത് കൊട്ടണച്ചേരി ക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങള് തകര്ത്ത് ഇരുപതിനായിരം രൂപയും, തൊട്ടടുത്ത ദിവസം എടാട്ട് തൃക്കൈ മഹാവിഷ്ണുക്ഷേത്രത്തിലും ഭണ്ഡാരങ്ങള് തകര്ത്ത് ഇയാൾ പണം കവര്ന്നു. ക്ഷേത്രത്തിന്റെ പൂട്ട് തകര്ത്ത് അകത്ത് കടന്ന പ്രതിയുടെ ദൃശ്യങ്ങള് ക്ഷേത്രത്തിനകത്തെ സിസിടിവി ക്യാമറയില് പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളാണ് കേസന്വേഷണത്തിന് വഴിത്തിരിവായത്. കഴിഞ്ഞ വര്ഷം ഇതേ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള് തകര്ത്ത് കവര്ച്ച നടത്തിയതിനും ഇയാളെ പൊലീസ് പിടികൂടിയിരുന്നു. കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
