അരക്കിലോഗ്രാം കഞ്ചാവും ബൈക്കും കസ്റ്റടിയില്‍ എടുത്തു

ഇടുക്കി: തമിഴ്നാട്ടില്‍ നിന്നും ബോഡിമെട്ട് ചെക്ക് പോസ്റ്റ് വഴി ബൈക്കില്‍ കഞ്ചാവ് കടത്തുവാന്‍ ശ്രമിച്ച മൂന്ന് യുവാക്കള്‍ എക്സൈസ് ചെക്ക് പോസ്റ്റില്‍ പിടിയിലായി. ദേഹത്ത് ഒളുപ്പിച്ചിരുന്ന അരക്കിലോഗ്രാം കഞ്ചാവും ബൈക്കും കസ്റ്റടിയില്‍ എടുത്തു. ജില്ലയിലെ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവെത്തിച്ച് നല്‍കുന്ന സംഘമാണ് പിടിയിലായതെന്ന് എക്സെയിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇടുക്കി മണിയാറംകുടി സ്വദേശി കുളവേലില്‍ അമല്‍ ബാബു, തൊടുപുഴ ഉടുമ്പന്നൂര്‍ സ്വദേശികളായ പുതിയകുന്നേല്‍ റംസല്‍, മാടോലില്‍ അല്‍ബാദുഷ എന്നിവരെയാണ് കഞ്ചാവുമായി പിടികൂടിയത്.

തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേയ്ക്ക് അതിര്‍ത്തി ചെക്ക്പോസ്റ്റ് വഴി വന്‍തോതില്‍ കഞ്ചാവിന്റെ കടന്നുവരവ് വര്‍ദ്ധിച്ചതോടെ എക്സൈസ് കമ്മീഷ്ണറുടെ നിര്‍ദ്ദേശ പ്രകാരം പരിശോധനയും കര്‍ശനമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉടുമ്പന്‍ചോല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി പ്രകാശിന്റെയും ചെക്ക്പോസ്റ്റ് ഇന്‍സ്പെക്ടര്‍ ആര്‍ ചന്ദ്രന്റേയും നേതൃത്വത്തില്‍ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് യുവാക്കള്‍ പിടിയിലാകുന്നത്. 

തമിഴ്നാട് കമ്പത്തുനിന്നും കഞ്ചാവ് വാങ്ങി ബോഡിമെട്ട് വഴി വന്ന ഇവരെ തടഞ്ഞ് നിര്‍ത്തി പരിശോധന നടത്തവെ ഇവരുടെ ദേഹത്ത് ഒളിപ്പിച്ചിരുന്ന കഞ്ചാവ് കണ്ടെത്തുകയായിരുന്നു. എക്സൈസ് ഉടുമ്പന്‍ചോല സിഐ ജി. പ്രകാശ്, ചെക്ക്പോസ്റ്റ് ഇന്‍സ്പെക്ടര്‍ ആര്‍ ചന്ദ്രന്‍, പ്രിവന്റീവ് ഓപീസര്‍മാരായ സത്യന്‍, അസീസ്, ശശീന്ദ്രന്‍, സിരാജ്, ബാലന്‍, പ്രകാശ്, ലിജോ, അരുണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.