ബൈക്ക് യാത്രികരെ ഇടിച്ചിട്ട് നിര്‍ത്താതെ പോയി പ്രതികളെ ഓടിച്ചിട്ട് പിടിച്ച് പൊലീസ്

വയനാട്: മോഷ്ടിച്ച കാറില്‍ യുവാവ് യുവതിയോടൊപ്പം സഞ്ചരിക്കവെ ബൈക്കുകളിലിടിച്ച് അപകടം. അപകടത്തെ തുടര്‍ന്ന് കാറില്‍ നിന്നും ഇറങ്ങി ഓടിയ യുവാവിനെയും യുവതിയെയും പൊലീസും നാട്ടുകാരും ഓടിച്ചിട്ട് പിടിച്ചു. വ്യാഴാഴ്ച രാാവിലെ പത്ത് മണിയോടെ കുഴിനിലം ടൗണിലാണ് സംഭവം. ബൈക്ക് യാത്രികരായ രണ്ട് പേരെ അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബെക്കുകളിലുണ്ടായിരുന്ന അഭിജിത്ത്, സാജു എന്നിവരെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അപകടത്തിന് ശേഷം നിര്‍ത്താതെ പോയ കാര്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് തലപ്പുഴ 44 ല്‍ വെച്ച് പിടികൂടിയെങ്കിലും കാറിലുണ്ടായിരുന്ന യുവാവും, യുവതിയും ഇറങ്ങിയോടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് വ്യാപക തെരച്ചില്‍ നടത്തി. ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ പരിസരത്തെ വീടിന് സമീപത്ത് നിന്നും ഇരുവരെയും തന്ത്രപൂര്‍വ്വം പിടികൂടുകയായിരുന്നു.

തലപ്പുഴ പൊലീസ് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലില്‍ കാര്‍ കളമശ്ശേരി സ്വദേശിയായ പ്രൊഫസറുടെ ആണെന്നും ഇദ്ദേഹത്തിന്റെ മുന്‍ ജീവനക്കാരനായിരുന്ന യുവാവ് കാര്‍ രണ്ടാഴ്ച മുമ്പ് മോഷ്ടിച്ചതാണെന്നും ബോധ്യപ്പെട്ടു. 24 കാരനായ യുവാവ് 27 കാരിയും അഞ്ച് വയസ് മകനുമുള്ള ഇരിട്ടി സ്വദേശിനിയായ യുവതിയുമായി ഒരുമിച്ചാണ് മോഷണം നടത്തിയതെന്നും പൊലീസ് പറഞ്ഞു.