സ്കൂൾ തുറക്കാൻ ലഹരി മാഫിയ കാത്തിരിക്കുന്നു വിദ്യാർത്ഥികളെ ലക്ഷ്യമിട്ടെത്തിക്കുന്നത് ലഹരി വസ്തുക്കളുടെ വൻ ശേഖരം 50000 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി കഞ്ചാവ് വിതരണം ചെയ്യുന്ന സംഘവും പിടിയിൽ
പാലക്കാട്: സ്കൂളുകൾ ലക്ഷ്യമിട്ട് ലഹരി മരുന്ന് വിതരണം മാഫിയ സംഘം പിടിയിൽ. സ്കൂൾ പരിസരങ്ങളിൽ വിൽപ്പന നടത്താനെത്തിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻ ശേഖരം പാലക്കാട് നിന്നും പിടികൂടി. 50000 പാക്കറ്റോളം ലഹരി ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് വിതരണം ചെയ്യുന്ന വൻ സംഘവും നെൻമാറയിൽ പിടിയിലായി.
വിദ്യാർത്ഥികൾക്ക് ലഹരിക്കെണിയൊരുക്കാൻ സ്കൂൾ തുറക്കു മുൻപ് മാഫിയാ സംഘങ്ങൾ തയ്യാറെടുക്കുന്നെന്നാണ് പരിശോധനകൾ വ്യക്തമാക്കുന്നത്. പാലക്കാട്ടെ മാർക്കറ്റിന് സമീപമായിരുന്നു നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻ ശേഖരം സൂക്ഷിച്ചിരുന്നത്. 6 ചാക്കുകളിലായി 50000 ത്തിലേറെ പാക്കറ്റ് ഹാൻസ്, പാൻപരാഗ്, കൂൾ തുടങ്ങി വിവിധ ഇനം ലഹരി ഉൽപ്പന്നങ്ങൾ.
പാലക്കാട് സ്വദേശി ഇമ്രാൻ ഖാന്‍റെ ഉടമസ്ഥതയിലുള്ള ഗോഡൗ ലായിരുന്നു 6 ചാക്കുകളിലായി സൂക്ഷിച്ച ലഹരി വസ്തുക്കൾ. ഇയാളെ എക്സൈസ് വിഭാഗം കസ്റ്റഡിയിലെടുത്തു. വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘം കഴിഞ്ഞ ദിവസം നെൻമാറയിൽ പിടിയിലായിരുന്നു. കോയമ്പത്തൂരിൽ നിന്നാണ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ലഹരി വസ്തുക്കൾ അതിർത്തി കടത്തുന്നത്. പരിശോധന കർശനമാക്കുമ്പോൾ ലഹരി കടത്തിന് മാഫിയ സംഘങ്ങൾ പുതിയ വഴികൾ തേടുന്നതാണ് അധികൃതർക്ക് തല വേദനയാകുന്നത്.
